മകരവിളക്ക് ഇന്ന് ; ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങള്‍; ഒരുക്കങ്ങള്‍ പൂര്‍ണ്ണം
Kerala, 14 ജനുവരി (H.S.) ശബരിമലയില്‍ മകരവിളക്ക് ഇന്ന്. ലക്ഷകണക്കിന് ഭക്തരാണ് മകരജ്യോതി ദര്‍ശനത്തിനായി പര്‍ണ്ണശാലകള്‍ കെട്ടി അയപ്പന്റെ പൂങ്കാവനത്തില്‍ കാത്തിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവരുന്നതിനാല്‍ ഉച്ചക്ക് 12 ന് ശേഷം പമ്
sabarimal


Kerala, 14 ജനുവരി (H.S.)

ശബരിമലയില്‍ മകരവിളക്ക് ഇന്ന്. ലക്ഷകണക്കിന് ഭക്തരാണ് മകരജ്യോതി ദര്‍ശനത്തിനായി പര്‍ണ്ണശാലകള്‍ കെട്ടി അയപ്പന്റെ പൂങ്കാവനത്തില്‍ കാത്തിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവരുന്നതിനാല്‍ ഉച്ചക്ക് 12 ന് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30 ന് ശരംകുത്തിയില്‍ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. 6.30 ന് കൊടിമരച്ചുവട്ടില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സ്വീകരിക്കും. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് ഭഗവാന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഭക്തരുടെ സുരക്ഷയ്ക്കായി പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തര്‍ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാന്‍ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.ഒന്നരലക്ഷത്തോളം ഭക്തരെയാണ് മകര വിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.

ജനുവരി 15 മുതല്‍ 17 വരെ തിരുവാഭരണം ദര്‍ശനം ഉണ്ടായിരിക്കും. മകരവിളക്ക് ദര്‍ശനശേഷം മടങ്ങിപ്പോവാനായി തിരക്ക് കൂട്ടരുത്. മടക്കയാത്രക്കായി പമ്പയില്‍ 800 ഓളം ബസ്സുകള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസ്സുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും.ജ്യോതിദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരുന്ന ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മൂന്ന് നേരവും അന്നദാനം അവര്‍ക്കരികിലേക്ക് എത്തിച്ചുനല്‍കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News