Enter your Email Address to subscribe to our newsletters
Trivandrum, 18 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: മലയോര മേഖലയിൽ കനത്ത നാശമാണ് ഇന്നലെ രാത്രിയിലെ തുലാമഴ വരുത്തിയത്. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ പെയ്ത അതിതീവ്ര മഴയെ തുടർന്ന് നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ വെള്ളമിറങ്ങി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. ജലനിരപ്പുയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്ഫിൽവേയിലെ 13 ഷട്ടറുകളും തുറന്നു. കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കുമളി, നെടുങ്കണ്ടം മേഖലകളിലാണ് മലവെല്ലപ്പാച്ചിലിൽ നാശനഷ്ടങ്ങളുണ്ടായത്. കുമളിയിൽ തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. കുമളി, ഒന്നാംമൈൽ പ്രദേശങ്ങളിൽ നിരവധി വ്യാപാരസ്ഥാപനങ്ങളിലും വെളളം കയറി. ചെളിമട, ആനവിലാസം ശാസ്താനട ഭാഗത്തും കനത്ത വെളളക്കെട്ടുണ്ടായിരുന്നു.
കൂട്ടാറിൽ ഒരു വീട് തകർന്നിട്ടുണ്ട്. അപകടസമയത്ത് വീട്ടിൽ ആളുകളില്ലായിരുന്നു. കല്ലാർ ഡാം തുറന്നതിനെ തുടർന്ന് വെള്ളപ്പാച്ചിലിൽ പുഴയുടെ തീരത്തെ വീടുകളിലും വെള്ളം കയറി. മുണ്ടിയെരുമ, തൂക്കുപാലം ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. ഉച്ചയോടെ എല്ലാഭാഗത്തു നിന്നും വെള്ളമിറങ്ങി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ, മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവെയിലെ 13 ഷട്ടറുകളും ഉയർത്തി. സെക്കൻ്റിൽ 7000 ഘനയടിയോളം വെളളമാണ് ഒഴുക്കിവിടുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തെ താഴ്നപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടണ്ട്. കൂടുതൽ വെള്ളം ഒഴുകിയെത്തിയാൽ വീടുകളിലേക്കും വെള്ളം കയറും.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. പുതുപ്പാടി,കണ്ണപ്പന്‍കുണ്ട്,കോടഞ്ചേരി ,അടിവാരം മേഖലകളിലാണ് കനത്ത മഴ പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുതുപ്പാടി മണല്‍ വയല്‍ പാലത്തിന്‍റെ മുകളില്‍ വെള്ളം കയറി. പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും മഴ ശക്തമാണ്. മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കിജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
---------------
Hindusthan Samachar / Roshith K