Enter your Email Address to subscribe to our newsletters
Kerala, 18 ഒക്റ്റോബര്‍ (H.S.)
അപൂര്‍വ ധാതുക്കളുടെ ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ചൈനയുടെ ആധിപത്യം തകര്‍ക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ഇന്ത്യ ശ്രമം തുടങ്ങി. അപൂര്‍വ ധാതുക്കള്‍ക്ക് അടുത്തിടെ ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഓട്ടമൊബീല്‍, ഇലക്ട്രോണിക്‌സ്, ഊര്‍ജ്ജ മേഖലകളെ ബാധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നടപടി. ലോകത്തെ 90% അപൂര്‍വ ധാതുക്കളുടെ സംസ്‌കരണവും നിലവില്‍ നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ ആശ്രിതത്വം കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇതിന് വേണ്ടി റഷ്യൻ സങ്കേതിക വിദ്യയുമായി കൈകോർക്കാൻ ആണ് ഇന്ത്യയുടെ ശ്രമം. അപൂർവ്വ ധാതുക്കളുടെ സംസ്‌കരണത്തിനായി റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിലയിരുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റഷ്യയില്‍ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നുണ്ടെന്നും ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉല്‍പാദിപ്പിക്കാന്‍ റഷ്യക്ക് താല്‍പ്പര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹകരണത്തിന് സാധ്യതയുള്ള റഷ്യന്‍ കമ്പനികള്‍ ഈ രംഗത്ത് വൈദഗ്ധ്യമുള്ള റഷ്യന്‍ സംരംഭങ്ങളുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ ലോഹം , മിഡ്വെസ്റ്റ് തുടങ്ങിയ ആഭ്യന്തര കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ നോര്‍നിക്കല്‍ , റോസാറ്റം എന്നിവയുമായി സഹകരിക്കുന്നതിനാണ് മുന്‍ഗണന. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് കീഴിലുള്ള ലബോറട്ടറികള്‍, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജി എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K