Enter your Email Address to subscribe to our newsletters
pandalam, 18 ഒക്റ്റോബര്‍ (H.S.)
താന്‍ നിര്‍ദേശിച്ച പേരുകള്‍ തളളുകയും തൃശൂരില്‍ തന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന് വിശ്വസിക്കുന്ന ജോസ് വള്ളൂരിന് സ്ഥാനം നല്‍കുകുയും ചെയ്തതോടെയാണ് കെ മുരളീധരന്‍ ഇടഞ്ഞത്. കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥകളുടെ ക്യാപ്റ്റന്‍മാരില്‍ ഒരാളായ മുരളീധരന്‍ ഇന്ന് യുഡിഎഫിന്റെ പദയാത്രയും വിശ്വാസ സംരക്ഷണ സംഗമവും അവഗണിച്ച് ഗുരുവായൂരിലേക്ക് വണ്ടി കയറി. കോണ്‍ഗ്രസിന്റെ ജാഥകള്‍ സമാപിച്ചു എന്ന സാങ്കേതിക കാരണം പറഞ്ഞാണ് മുരളീധരന്‍ സ്ഥലംവിട്ടത്.
എന്നാല്‍ മുരളീധരന്റെ ഈ നടപടിയോടെ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലായി. ക്യാപറ്റന്‍ ഉപേക്ഷിച്ച പരിപാടി എന്ന പ്രചരണം വലിയ രീതിയില്‍ ഉയര്‍ന്നു. യുഡിഎഫ് പരിപാടിയുടെ ശോഭ തന്നെ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇതുസംബന്ധിച്ച് ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിവാദം വളര്‍ത്തി. എല്ലാം കൈവിട്ട് പോകും എന്ന ഘട്ടത്തിലാണ് മുരളീധരനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്.
വിഡി സതീശന്‍ നേരിട്ട് തന്നെ മുരളീധരനെ വിളിച്ച് സംസാരിച്ചു. കൂടാതെ കെസി വേണു ഗോപാലും ഇടപെടല്‍ നടത്തി. 22ന് നേരിട്ട് ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്തു. തന്റെ നോമിനിയെ കൂടി ഉള്‍പ്പെടുത്താം എന്ന ധാരണ വന്നതോടെയാണ് മുരളീധരന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തയാറായത്. ഇതിനായി ഗുരുവായൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ മുരളി എത്തുന്നത് കാക്കാതെ യുഡിഎഫിന്റെ പദയാത്ര ചെങ്ങന്നൂരില്‍ നിന്ന് ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ 59 ജനറല്‍ സെക്രട്ടറിമാരുടെ ജംബോ പട്ടികയാണ് കെപിസിസി പുറത്തുവിട്ടത്. മുരളിയുടെ നോമിനിയെ കൂടി ഉള്‍പ്പെടുത്തിയാല്‍ അത് 60 ആയി ഉയരും.
---------------
Hindusthan Samachar / Sreejith S