Enter your Email Address to subscribe to our newsletters
Kerala, 22 ഒക്റ്റോബര്‍ (H.S.)
കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും എംഎല്‍സിയുമായ യതീന്ദ്രയുടെ അപ്രതീക്ഷിത പ്രസ്താവന. തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞ യതീന്ദ്ര സതീഷ് ജാര്‍ക്കിഹോളി പിന്‍ഗാമിയാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രിപദത്തില്‍ കണ്ണ് വെച്ചിട്ടുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നതാണ് യതീന്ദ്രയുടെ പ്രസ്താവന.
സര്‍ക്കാരിലുള്ള ആഭ്യന്തര ഭിന്നതകളും അഭ്യൂഹങ്ങളും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് ഈ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതും അടുത്തിടെയാണ്.
സംസ്ഥാനത്ത് നേതൃമാറ്റ സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ സതീഷ് ജാര്‍ക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്നും സിദ്ധരാമയ്യയുടെ മകന്‍ പറഞ്ഞു.
സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് അഭിപ്രായപ്പെട്ട യതീന്ദ്ര, ഒരു പുരോഗമന നേതാവ് എന്ന രീതിയില്‍ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ജാര്‍ക്കിഹോളിക്ക് കഴിയുമെന്നും പറഞ്ഞു. അതേസമയം മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് ജാര്‍ക്കിഹോളി മുന്‍പ് പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്.
ജാര്‍ക്കിഹോളിയും പങ്കെടുത്ത ബെലഗാവിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് യതീന്ദ്രയുടെ പ്രസ്താവന. 'എന്റെ അച്ഛന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍, ശക്തമായ പ്രത്യയശാസ്ത്രവും പുരോഗമനപരമായ കാഴ്ചപ്പാടുമുള്ള, അദ്ദേഹത്തിന് ഒരു 'മാര്‍ഗ്ഗദര്‍ശക്' (വഴികാട്ടി) ആകാന്‍ കഴിയുന്ന ഒരു നേതാവിനെ ആവശ്യമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കാനും പാര്‍ട്ടിയെ ഫലപ്രദമായി നയിക്കാനും കഴിയുന്ന ഒരാളാണ് ജാര്‍ക്കിഹോളി. ഇത്രയും പ്രത്യയശാസ്ത്രപരമായ ബോധ്യമുള്ള ഒരു നേതാവിനെ കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, അദ്ദേഹം ഈ നല്ല പ്രവര്‍ത്തനം തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' യതീന്ദ്ര പറഞ്ഞു.
---------------
Hindusthan Samachar / Sreejith S