Enter your Email Address to subscribe to our newsletters
Kerala, 5 ഒക്റ്റോബര്‍ (H.S.)
2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയര്‍മാന്‍.
നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'കാഞ്ചീവരം' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2007ല്‍ ലഭിച്ചു. മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനുള്ള ദേശീയ പുരസ്‌കാരം 2011ല്‍ 'പുട്ടക്കണ്ണ ഹൈവേ' എന്ന കന്നട ചിത്രത്തിലൂടെ നേടി. ഏഴ് തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അദ്ദേഹം 2010ല്‍ സംവിധാനം ചെയ്ത കന്നട ചിത്രം 'നാനു നാന്ന കനസു' വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളില്‍ അഭിനയിച്ചുവരുന്ന പ്രകാശ് രാജ് 31 വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ സജീവസാന്നിധ്യമാണ്.
സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
മീശമാധവന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, രണ്ടാംഭാവം, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍,രക്ഷാധികാരി ബൈജു ഒപ്പ്, ഒ.ബേബി എന്നീ സിനിമകളുടെ സംവിധായകനുമാണ് രഞജ്ന്‍ പ്രമോദ്. 'രക്ഷാധികാരി ബൈജു ഒപ്പ്' 2017ല്‍ കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 'ഒ.ബേബി' ഐ.എഫ്.എഫ്.കെ മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2017ലെ ദേശീയ അവാര്‍ഡില്‍ മോഹന്‍ലാലിന് മികച്ച അഭിനയത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിക്കെടുത്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജിബു ജേക്കബ് 22 സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അംഗങ്ങളായിരിക്കും.
നാലര പതിറ്റാണ്ടുകാലമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ ഭാഗ്യലക്ഷ്മി 1991. 1995, 2002 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 2013ല്‍ ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടി. ഗായത്രി അശോകന്‍ അരയന്നങ്ങളുടെ വീട്, സസ്‌നേഹം സുമിത്ര എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ നിതിന്‍ ലൂക്കോസ് ഹിന്ദി, ഇംഗ്‌ളീഷ്, തെലുങ്ക്, മലയാളം, കന്നട, ഭൂട്ടാന്‍ സിനിമകള്‍ക്കുവേണ്ടി സൗണ്ട് ഡിസൈനിംഗ് നിര്‍വഹിച്ചിട്ടുണ്ട്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'പക' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ്, ലൊകാര്‍ണോ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് എന്നിവ നേടിയ 'തിഥി' എന്ന കന്നട ചിത്രത്തിന്റെ സൗണ്ട് ഡിസൈനറായ നിതിന്‍, ഹോളിവുഡ് സംവിധായകരായ ജൂലി ടെയ്‌മോറിന്റെയും ബെന്നറ്റ് മില്ലറിന്റെയും ചിത്രങ്ങള്‍ക്ക് ശബ്ദരൂപകല്‍പ്പന നിര്‍വഹിച്ചിട്ടുണ്ട്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സന്തോഷ് ഏച്ചിക്കാനം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ആണ്.
ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി രാജനാരായണന്‍, സംവിധായകന്‍ വി.സി അഭിലാഷ്, ചലച്ചിത്രഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ നൈപുണ്യവികസനപരിപാടിയായ ബെര്‍ലിനാലെ ടാലന്റ്‌സില്‍ തെരഞ്ഞെടുക്കപ്പെട്ട, സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ഹ്യുബെര്‍ട്ട് ബാല്‍സ് സ്ക്രിപ്റ്റ് ഡെവലപ്മെന്‍റ് അവാര്‍ഡ് ജേതാവും ‘ചോര്‍ ചോര്‍ സൂപ്പര്‍ ചോര്‍’ എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്രഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.
ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എ.ചന്ദ്രശേഖര്‍, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്‍, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
128 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ആറിന് രാവിലെ ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR