Enter your Email Address to subscribe to our newsletters

Thrissur, 13 നവംബര്‍ (H.S.)
ഐജി എന്ന വ്യാജേന പോലീസ് ജോലി വാഗ്‌ദാനം ചെയ്ത് പണവും സ്വർണാഭരണങ്ങളും തട്ടിയ കേസില്‍ പ്രതിക്ക് 10 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശിയായ ഭാനുകൃഷ്ണ എന്നുവിളിക്കുന്ന മിഥുനെയാണ് (28) കോടതി ശിക്ഷിച്ചത്. പോലീസില്‍ ജോലി വാഗ്‌ദാനം ചെയ്ത് 5 ലക്ഷം രൂപയും 16 പവന്‍റെ സ്വർണാഭരണങ്ങളും കൈക്കലാക്കിയ കേസിലാണ് വിധി. പ്രതി പിഴത്തുക അടച്ചാല്‍ ആ തുക പരാതിക്കാരിക്ക് നല്‍കാനും വിധി പ്രസ്താവനയില്‍ പറയുന്നു. പിഴത്തുക അടയ്ക്കാതിരുന്നാല്‍ പ്രതി അധിക തടവ് അനുഭവയ്ക്കണം. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതായിരുന്നു ശിക്ഷാ വിധി.
2018 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിനിയുടെ മകന് പോലീസില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പോലീസ് ജീപ്പ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാഹനത്തില്‍ യൂണിഫോമില്‍ എത്തിയ പ്രതി ഐജിയെന്ന വ്യാജേന പരാതിക്കാരിയെ സമീപിക്കുകയും ഇവരില്‍ നിന്ന് 5 ലക്ഷം രൂപയും 16 പവൻെറ സ്വർണാഭരണങ്ങളും കൈക്കലാക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ മണ്ണുത്തി പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
അന്നത്തെ എസ്‌എച്ച്‌ഒ രതീഷ് പി എം ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചു. മുപ്പതോളം രേഖകളും മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സുനിത കെ എ, അഡ്വക്കേറ്റ് ഋഷിചന്ദ് എന്നിവർ ഹാജരായി. കോർട്ട് ലൈസണ്‍ ഓഫീസർ സീനിയർ സിവില്‍ പൊലീസ് ഓഫീസർ സംഗീത് എം ഡി പ്രോസിക്യൂഷനെ സഹായിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR