Enter your Email Address to subscribe to our newsletters

Kannur, 20 നവംബര്‍ (H.S.)
ഇരട്ടിയില്‍ വൃക്ക സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് പിടിയില്‍.
കീഴ്പ്പള്ളി വീർപ്പാട് വേങ്ങശേരി ഹൗസില്‍ വി.എം.നൗഫല്‍ (32) ആണ് ആറളം പൊലീസിന്റെ പിടിയിലായത്. ആയിപ്പുഴ ഫാത്തിമ മൻസില്‍ ഷാനിഫിന്റെ പരാതിയിലാണ് അറസ്റ്റ്. നൗഫലിനെ കൂടാതെ ഈ സംഘത്തില്‍ നിരവധി പേർ ഉണ്ടെന്നാണ് പോലീസ് നിഗമനം
2024 ഡിസംബർ മുതല്‍ കഴിഞ്ഞ ഒക്ടോബർ വരെ ഷാനിഫിനോട് വൃക്ക മാറ്റിവെക്കാൻ ഡോണറിനെ സഘടിപ്പിച്ച നല്‍കാമെന്ന് വാഗ്ദാനം ചെയ്ത 6 ലക്ഷം രൂപയാണ് തട്ടി എടുത്തത്. ഷാനിഫിനെ കൂടാതെ നിരവധി പേരെ നൗഫല്‍ ഉള്‍പ്പെടുന്ന സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടത്തിയത്.
വൃക്ക വേണമെന്ന് ആവിശ്യപ്പെട്ട് പത്രങ്ങളില്‍ വരുന്ന പരസ്യം കണ്ടാണ് ഇവർ ആളുകളെ ബന്ധപ്പെടുക. പിന്നീട് വൃക്ക തരാൻ ഡോണർ ഉണ്ടെന്ന് അവരെ വിശ്വസിപ്പിക്കുകയും തുടർന്ന് പണം ആവിശ്യപ്പടുകയും ചെയ്യും. മലപ്പുറം തിരൂർ അനന്താവൂരിലെ സി.നബീല്‍ അഹമ്മദ്, മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി.സുലൈമാൻ, പാപ്പിനിശേരി മടക്കരയിലെ ഷുക്കൂർ എന്നിവരില്‍ നിന്ന് 5 ലക്ഷം രൂപ വീതവും കണ്ണൂർ പഴയങ്ങാടി എം.കെ.ഹൗസില്‍ ഇബ്രാഹിമില്‍ നിന്ന് 1.75 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ നിരധി പേർ തട്ടിപ്പിനിരയായതായാണ് വിവരം. പ്രതി നൗഫലിന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സംഘത്തിലെ മറ്റുള്ളവർക്കായും അന്വേഷണം തുടരുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR