Enter your Email Address to subscribe to our newsletters

Trivandrum , 20 നവംബര്‍ (H.S.)
തിരുവനന്തപുരം: നെടുമങ്ങാട്ട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് ഇന്നലെ രാത്രി മരിച്ചത്. കഴിഞ്ഞ 40 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് രണ്ട് മാസം മുമ്പ് വിനയ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം മാറി വീട്ടിലെത്തിയപ്പോൾ അപസ്‌മാരം പിടിപെട്ടു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
അതേസമയം രോഗബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല എന്നത് ആശങ്കയുയർത്തുന്നുണ്ട് . യുവതി വീട്ടിലെ കിണറ്റിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് വിവരം. നിലവിൽ ഈ കിണറ്റിലെ വെള്ളം പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.
---------------
Hindusthan Samachar / Roshith K