Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 നവംബര്‍ (H.S.)
പൂജാ ബംബർ ഭാഗ്യശാലിയെ ഇന്നറിയാം. നറുക്കെടുപ്പ് ഇന്ന് രണ്ടു മണിക്കു നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നറുക്കെടുപ്പിന് ഔദ്യോഗിക ചടങ്ങുകളുണ്ടാകില്ല.
കൈയ്യിൽ എത്ര കിട്ടും?
സമ്മാനത്തുക 12 കോടി രൂപയാണെങ്കിലും ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കഴിഞ്ഞ ശേഷം നേർ പകുതി തുകയാണ് കയ്യിൽ കിട്ടുക. ഏജന്റ് കമ്മീഷനായി 10 ശതമാനം തുകയാണ് ഈടാക്കുക. ഇത് 1.2 കോടി രൂപ വരും. ബാക്കി 10.8 കോടി രൂപയിൽ നികുതി ഈടാക്കും. 30 ശതമാനം നികുതിയാണ് ഈടാക്കുക. ടിഡിഎസ് തന്നെ 3.24 കോടി രൂപയോളം വരും.
ഇതിനുപുറമേ സർചാർജും നൽകേണ്ടതുണ്ട്. 50 ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനത്തുകക്കാണ് പ്രത്യേക സർചാർജ് ഈടാക്കുന്നത്. 37 ശതമാനം തുകയാണ് സർചാർജായി നൽകേണ്ടത്. 37 ശതമാനം സർചാർജ് നൽകേണ്ടി വരുമ്പോൾ ഏകദേശം 1.19 കോടി രൂപ സമ്മാനത്തുകയിൽ നിന്നു പോകും. സെസും അധികം നൽകണം. ഹെൽത്ത്, എജ്യുക്കേഷൻ സെസും ഈടാക്കി കഴിയുമ്പോൾ ഏതാണ്ട് പകുതിയിൽ അധികം തുക മാത്രമാണ് സമ്മാനജേതാവിന് ലഭിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR