Enter your Email Address to subscribe to our newsletters

Mumbai, 27 നവംബര്‍ (H.S.)
മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ കന്നുകാലി തൊഴുത്തില്‍ അനധികൃത ഗർഭസ്ഥ ശിശുക്കളുടെ ലിംഗനിർണ്ണയ കേന്ദ്രം കണ്ടെത്തി.
സംഭവത്തില്‍ പ്ലസ്ടുക്കാരനായ യുവാവിനെയും പത്തോളജി ലാബ് ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു.
നിയമവിരുദ്ധ ഭ്രൂണ ലിംഗനിർണ്ണയവും ഗർഭഛിദ്രവും വർധിക്കുന്നതായി കണ്ടെത്തിയുള്ള അന്വേഷണമാണ് ക്ലിനിക്കിലേക്ക് എത്തിച്ചത്. അധികൃതരുടെ ശ്രദ്ധ ഒഴിവാക്കാൻ നെല്‍വയലിലെ ടിൻഷീറ്റില്‍ പണിത കന്നുകാലി തൊഴുത്തിലായിരുന്നു പ്രവർത്തനം.ഭോക്കാർദാൻ തഹ്‌സിലിലെ നഞ്ച വാഡി ഗ്രാമത്തിലെ ഒരു വയലിന് നടുവിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ലിംഗനിർണ്ണയ പരിശോധനകള്‍ നടത്തിയ രണ്ട് പ്രതികളെയും പിടികൂടയതിന് പുറമെ പരിശോധനയ്ക്കായി കാത്തിരിക്കുന്ന മൂന്ന് സ്ത്രീകളെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സ്ഥലത്ത് നിന്ന് മെഡിക്കല്‍ പരിശോധനാ സാമഗ്രികള്‍, ഒരു പോർട്ടബിള്‍ മെഷീൻ, ഗർഭഛിദ്ര ഗുളികകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ഗ്രാമത്തിലെ ഗാവ്‌ലിവാഡി പ്രദേശത്ത് ജില്ലാ പരിഷത്ത് സ്‌കൂള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതിന് ചേർന്നാണ് വയല്‍. കന്നുകാലി കൂട്ടില്‍ നിരവധി മാസങ്ങളായി രഹസ്യമായി ഭ്രൂണ ലിംഗനിർണ്ണയവും നിയമവിരുദ്ധ ഗർഭഛിദ്രവും നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഛത്രപതി സംഭാജിനഗർ ജില്ലയില്‍ നിന്നുള്ള പ്ലസ് ടു യോഗ്യത മാത്രമുള്ള സതീഷ് സോനാവാനെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്. ഛത്രപതി സംഭാജിനഗർ, ബീഡ്, ജല്‍ന ജില്ലകളില്‍ നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോനാവാന് സഹായങ്ങള്‍ നല്‍കിയിരുന്നത് ജല്‍ന ജില്ലയിലെ ഭോകർദാൻ തഹ്‌സിലില്‍ സ്ഥിതി ചെയ്യുന്ന തേജസ് പാത്തോളജി ലാബിന്റെ ഉടമയായ കേശവ് ഗവാണ്ടെ ആയിരുന്നു. ഇയാളാണ് അറസ്റ്റിലായ രണ്ടാമത്തെ വ്യക്തി.
2024 ജൂലൈയില്‍ ഭോകർദാൻ തഹ്‌സിലില്‍ ഒരു അനധികൃത ഗർഭഛിദ്ര കേന്ദ്രം ഇതേ മാതൃകയില്‍ കണ്ടെത്തിയിരുന്നു. അന്ന് ജല്‍ന, ബുള്‍ദാന ജില്ലകളില്‍ നിന്നുള്ള ഡോക്ടർമാർ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR