Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 നവംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിക്ക് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ നൽകി ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രിമാർ. മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും ഫേസ്ബുക്കിൽ പിന്തുണയറിയിച്ചു. സിപിഐഎം നേതാവായ പി.പി. ദിവ്യയും ഫേസ്ബുക്കിൽ അതിജീവിതയ്ക്ക് പിന്തുണയറിയിച്ചു.
കേരളം നിനക്കൊപ്പം എന്നാണ് മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രിയപ്പെട്ട സഹോദരി, തളരരുത്... കേരളം നിനക്കൊപ്പം... എന്നാണ് വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
'വീ കെയർ' എന്നാണ് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
അതീജീവിയ്‌ക്കൊപ്പം തന്നെയാണ് കേരളജനതയെന്ന് പി.പി. ദിവ്യയും ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയായ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്. ഇന്ന് വൈകീട്ടോടെ സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.
പരാതിക്ക് അടിസ്ഥാനമായ നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനേയും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. പിന്നാലെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR