'ജെൻ-സീ' തലമുറയുടെ ആത്മവിശ്വാസം ലോകത്തിന് പ്രചോദനം; യുവജനങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി
Hyderabad, 27 നവംബര്‍ (H.S.) രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ വളർച്ചയ്ക്ക് യുവ ഇന്ത്യ നല്‍കുന്ന സംഭാവനകളെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ഇൻഫിനിറ്റി കാമ്ബസ് വെർച്വലായി ഉദ്ഘ
Narendra Modi


Hyderabad, 27 നവംബര്‍ (H.S.)

രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ വളർച്ചയ്ക്ക് യുവ ഇന്ത്യ നല്‍കുന്ന സംഭാവനകളെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ഇൻഫിനിറ്റി കാമ്ബസ് വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ മേഖലയിലെ പുരോഗതിയെ രാജ്യത്തെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന്റെ വിജയമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ ഇപ്പോള്‍ മുന്നൂറിലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകള്‍ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള യുവജനങ്ങളുടെ സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായതെന്നും മോദി പറഞ്ഞു.

ചെറിയ വാടക മുറികളിലിരുന്ന് ജോലിചെയ്താണ് പല സംരംഭങ്ങളും വളർന്നുവന്നത്. ഈയൊരു മനോഭാവമാണ് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് വഴിതുറന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

എഞ്ചിനീയർമാർ, ഡിസൈനർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിലുള്ള യുവാക്കള്‍ പ്രൊപ്പല്‍ഷൻ, കോമ്ബോസിറ്റ് മെറ്റീരിയലുകള്‍, റോക്കറ്റ് സ്റ്റേജുകള്‍, സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകളില്‍ നൂതനമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അടുത്തിടെയായി, ഫിൻടെക്, അഗ്രിടെക്, ഹെല്‍ത്ത്ടെക്, ക്ലൈമറ്റ്ടെക്, എഡ്യൂടെക്, ഡിഫൻസ്ടെക് പോലുള്ള മേഖലകളിലും യുവ സംരംഭകർ പുതിയ ചുവടുവയ്പ്പുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ യുവജനങ്ങളുടെ അതിരില്ലാത്ത ആത്മവിശ്വാസം ലോകത്തിന് തന്നെ ഒരു മാതൃകയാണെന്നും, അത് ആഗോളതലത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

ഐഐടി പൂർവ്വ വിദ്യാർഥികളും ഐഎസ്‌ആർഒയിലെ മുൻ ശാസ്ത്രജ്ഞരുമായ പവൻ ചന്ദനയും ഭരത് ധാക്കയും ചേർന്നാണ് സ്വകാര്യ ബഹിരാകാശ കമ്ബനിയായ സ്കൈറൂട്ട് സ്ഥാപിച്ചത്. കമ്ബനിയുടെ പുതിയ ഇൻഫിനിറ്റി കാമ്ബസാണ് പ്രധാനമന്ത്രി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്. ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള കമ്ബനിയുടെ ആദ്യത്തെ ഓർബിറ്റല്‍ റോക്കറ്റായ വിക്രം-I-ന്റെ പ്രഖ്യാപനവും അദ്ദേഹം ഇതോടൊപ്പം നിർവഹിച്ചു.

ഏകദേശം രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ കാമ്ബസ് സ്കൈറൂട്ടിന്റെ വിക്ഷേപണ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും, വികസിപ്പിക്കുന്നതിനും, പരീക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. നേരത്തെ 2022 നവംബറില്‍ സ്കൈറൂട്ട് തങ്ങളുടെ സബ്-ഓർബിറ്റല്‍ റോക്കറ്റായ വിക്രം-S വിജയകരമായി വിക്ഷേപിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News