Enter your Email Address to subscribe to our newsletters

New delhi, 27 നവംബര്‍ (H.S.)
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വി വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് ഇന്ന് അവലോകന യോഗം ചേരും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഈ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍, മത്സരിച്ച 61 സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ തങ്ങളുടെ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്തുകയാണ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. തോല്‍വിയെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നിരീക്ഷകരെയും നേരത്തെ തന്നെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരുന്നു. അവരുടെ കണ്ടെത്തലുകളും യോഗം വിലയിരുത്തും.
243 അംഗ സഭയില്‍ 35 സീറ്റില്‍ മാത്രമാണ് പ്രതിപക്ഷത്തിന് വിജയിക്കാനായത്. 202 സീറ്റില്‍ ജയിച്ച എന്‍ഡിഎ മുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും നിതീഷ് കുമാര്‍ പത്താം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും അച്ചടക്ക ലംഘനങ്ങളിലും ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് ഏഴ് നേതാക്കളെ ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുക, സംഘടന മര്യാദ ലംഘനം നടത്തുക, പാര്‍ട്ടി വേദിക്കു പുറത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
---------------
Hindusthan Samachar / Sreejith S