Enter your Email Address to subscribe to our newsletters

Kochi, 6 നവംബര്‍ (H.S.)
സർക്കാരിനെ വീണ്ടും വിമർശനവുമായി കത്തോലിക്ക സഭാ നേതൃത്വം. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെ മുൻനിർത്തിയാണ് സഭ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തതിൽ ദുരൂഹത ഉണ്ടെന്ന് സിബിസിഐ ആരോപിച്ചു. ഈ വിഷയത്തിൽ കേരളത്തിലെ മുന്നണികൾ നയം വ്യക്തമാക്കണമെന്നും സഭ ആവശ്യപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ വിഷയാധിഷ്ഠിത നിലപാടെടുക്കണമെന്നും വിശ്വാസികളോട് സഭ ആഹ്വാനം ചെയ്തു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ചിതലിരിക്കാൻ കാത്തിരിക്കുകയാണോ സീറോ മലബാർ സഭ വക്താവ് ഫാദർ ടോം ഓലിക്കരോട്ട് ചോദ്യം ഉന്നയിച്ചു. കമ്മീഷൻ റിപ്പോർട്ട് പോലും പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തതിൽ ദുരൂഹത ഉണ്ടെന്ന് സിബിസിഐ ലൈറ്റി കമ്മീഷൻ സെക്രട്ടറി ഷെവലിയാർ വി. സി. സെബാസ്റ്റ്യൻ ആരോപിച്ചു. 2021ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് സർക്കാർ ജെ. ബി. കോശി കമ്മീഷനെ നിയമിച്ചത്. ഇത് പ്രീണനം മാത്രമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും സഭാ നേതൃത്വം പറഞ്ഞു.
500 നിർദേശങ്ങളാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലുള്ളത്. മദ്രസാ അധ്യാപകരുടേതുപോലെ സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ചിട്ടും ശുപാർശകൾ നടപ്പിലാക്കാത്തതിൽ സഭാ നേതൃത്വം അസംതൃപ്തരാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR