Enter your Email Address to subscribe to our newsletters

NEW DELHI, 6 നവംബര്‍ (H.S.)
2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ബ്രസീലിയന്‍ മോഡലിന്റെ ചിത്രം, വ്യാജമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി വോട്ട് മോഷണം നടത്തിയെന്ന കേസില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ ബൊണേസി.
ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി ഒരേ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി തുടങ്ങി വിവിധ പേരുകളില്‍ 22 വോട്ടുകള്‍ രേഖപ്പെടുത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം. ഈ ചിത്രത്തിലെ വ്യക്തി ഇന്ത്യക്കാരിയായ വോട്ടര്‍ അല്ലെന്നും, മറിച്ച് ബ്രസീലിയന്‍ മോഡലിന്റെ ചിത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സംഭവം പുറത്തുവന്നതിന് പിന്നാലെ ബ്രസീലിയന്‍ യുവതി ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. തന്റെ ചിത്രം ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതില്‍ തനിക്ക് അതിയായ നടുക്കമുണ്ട് എന്ന് ലാരിസ പറഞ്ഞു. വിവാദമായ ചിത്രം ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു സ്റ്റോക്ക് ഫോട്ടോഗ്രാഫ് ആയിരുന്നു. താന്‍ ഒരു ബ്രസീലിയന്‍ പൗരയാണെന്നും, തന്റെ ചിത്രം ഉപയോഗിച്ച് ഇത്രയും വലിയൊരു ക്രമക്കേട് നടന്നതില്‍ ഞെട്ടിപ്പോയെന്നും അവര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി തന്റെ ആരോപണങ്ങളെ 'എച്ച് ഫയലുകള്‍' എന്ന പേരില്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത്. ഹരിയാനയിലെ 25 ലക്ഷം വോട്ടുകള്‍ വ്യാജമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. യഥാര്‍ത്ഥ വോട്ടര്‍മാര്‍ തങ്ങള്‍ തന്നെയാണെന്നും, വോട്ടര്‍ ഐഡി കാര്‍ഡുകളില്‍ വന്നത് ഫോട്ടോയുടെ പിഴവാണെന്നും ചിലര്‍ ഇതിനോടകം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S