Enter your Email Address to subscribe to our newsletters

Thiruvanathapuram, 6 നവംബര്‍ (H.S.)
തിരുവല്ലയില്‍ നടുറോഡില്‍ 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുമ്പനാട് കരാലിന്‍ വീട്ടില്‍ അജിന്‍ റെജി മാത്യുവിനാണ് (24) അഡിഷനല്‍ ജില്ലാ കോടതി ജീവപര്യന്തം വിധിച്ചത്. ജീവപര്യന്തം തടവിനു പുറമെ 5 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത് 2019 മാര്‍ച്ച് 12-ന് രാവിലെ 9.11-ന് തിരുവല്ല ചിലങ്ക ജംക്ഷനിലെ റെയില്‍വേ സ്റ്റേഷന്‍ റോഡിലായിരുന്നു. അയിരൂര്‍ ചരുവില്‍ കിഴക്കേമുറിയില്‍ വിജയകുമാറിന്റെ മകളായ കവിതയാണ് കൊല്ലപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായിരുന്ന കവിതയെ, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ സഹപാഠിയായിരുന്ന അജിന്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. സംഭവ ദിവസം രാവിലെ മൂന്ന് കുപ്പി പെട്രോള്‍, ഒരു കയര്‍, കത്തി എന്നിവ ബാഗില്‍ കരുതിയാണ് പ്രതി അജിന്‍ ചിലങ്ക ജംക്ഷനില്‍ കാത്തുനിന്നത്. ബസിറങ്ങി നടന്നുവന്ന കവിതയുടെ മുന്നിലേക്ക് കയറി വഴി തടസ്സപ്പെടുത്തിയ ശേഷം, കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി ആദ്യം കവിതയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വേദനയോടെ നിന്ന പെണ്‍കുട്ടിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
മുഖത്തും കഴുത്തിനും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ കവിതയെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചു. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കവിത 9 ദിവസത്തിന് ശേഷം മാര്‍ച്ച് 20-ന് മരണത്തിന് കീഴടങ്ങി. കൊലപാതകത്തിന് ശേഷം സ്വയം ജീവനൊടുക്കാനായാണ് പ്രതി കൂടുതല്‍ പെട്രോള്‍ കരുതിയതെന്നും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കൊലപാതകം, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതിയില്‍ തെളിയിക്കപ്പെട്ടത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി. ആക്രമണത്തിന്റെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
കൂടാതെ, പെട്രോള്‍ വാങ്ങുന്നതിനായി പ്രതി എടിഎമ്മില്‍ കയറുന്നതിന്റെയും പമ്പിലെത്തുന്നതിന്റെയും ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. കത്തിയിലെ രക്തക്കറ, ദൃക്സാക്ഷികള്‍, കവിത നല്‍കിയ മരണമൊഴി എന്നിവയും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം.
---------------
Hindusthan Samachar / Sreejith S