ഇനി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്ല ; വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു
Delhi, 21 ഡിസംബര്‍ (H.S.) മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പാര്‍ലമെന്റ
Droupadi Murmu


Delhi, 21 ഡിസംബര്‍ (H.S.)

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പുതിയ തൊഴിലുറപ്പ് ബില്‍ ഇതോടെ നിയമമായി. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിപക്ഷം വ്യാപകമായ പ്രതിഷേധ പരിപാടികള്‍ തുടരുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്‍കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഉള്‍പ്പെടെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തില്‍ ബില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് ബില്ലിന്‍ മേലുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

2005ല്‍ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച എംജിഎന്‍ആര്‍ഇജിഎ ( മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം എന്ന പേരില്‍ പുതിയ നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. എംജിഎന്‍ആര്‍ഇജിഎ പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ആണ് ഉറപ്പ് നല്‍കിയിരുന്നത്. പുതിയ ബില്ല് 100 ദിവസത്തെ തൊഴില്‍ എന്നത് 125 ദിവസമായി ഉയര്‍ത്തുകയാണ് ചെയ്തത്. ജോലി പൂര്‍ത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നും, സമയ പരിധി പാലിക്കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക. സുതാര്യത ഉറപ്പാക്കാന്‍ ബയോമെട്രിക്‌സ്, ജിയോടാഗിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പരാതി പരിഹാരത്തിനും വിവിധ തലങ്ങളില്‍ വ്യവസ്ഥയുണ്ട്.

പൂര്‍ണമായും കേന്ദ്രാവിഷ്‌കൃത പദ്ധതിയായിരുന്നു എംജിഎന്‍ആര്‍ഇജിഎ. നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ വേതനത്തിന്റെ 100 ശതമാനവും കേന്ദ്രമാണ് വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ബില്‍ പ്രകാരം വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 100 ശതമാനവും കേന്ദ്രം വഹിക്കും. വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 10 ശതമാനം നല്‍കിയാല്‍ മതിയാകും. ബാക്കി 90 ശതമാനവും കേന്ദ്രം വഹിക്കും. നേരത്തെ നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനും സാധനങ്ങള്‍ ക്രമീകരിക്കുന്നതിനും വരുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിച്ചിരുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News