Enter your Email Address to subscribe to our newsletters

Thiruvananthapuram, 21 ഡിസംബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രതികൾക്ക് ദേവസ്വം ബോർഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവർധനും സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി കസ്റ്റഡിയിലാവുന്നത്. ഇരുവർക്കും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ജാമ്യം നൽകിയാൽ ദേവസ്വം ജീവനക്കാർക്കിടയിൽ സ്വാധീനം ചെലുത്തി തെളിവ് നശിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊണ്ടിമുതൽ പൂർണമായി കണ്ടെടുക്കാനായിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍ വിജയകുമാര്‍, കെ.പി. ശങ്കര്‍ദാസ് എന്നിവരെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. രണ്ടു പേര്‍ക്കെതിരേയും അന്വേഷണം നടക്കാത്തത് എന്താണെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. ചോദ്യം ചെയ്യലില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. എന്നാല്‍ കൊള്ളയില്‍ പങ്കില്ലെന്നും പത്മകുമാറാണ് നടപടികള്‍ മുഴുവന്‍ നടത്തിയത് എന്നുമാണ് ഇരുവരും നേരത്തെ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം തീരുമാനങ്ങള്‍ കൂട്ടുത്തരവാദിത്വം എന്ന തീരുമാനങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്വമെന്ന വാദമാണ് പത്മകുമാറിന്റേത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR