Enter your Email Address to subscribe to our newsletters

Ernakulam, 21 ഡിസംബര്‍ (H.S.)
അന്തരിച്ച നടന്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ തെന്നിന്ത്യന്‍ നടന്‍ സൂര്യയെത്തി. രാവിലെ കണ്ടനാട്ടെ വീട്ടില്‍ എത്തിയാണ് ശ്രീനിവാസനെ കണാനെത്തിയത്. താന്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണെന്നും കൊച്ചിയില്‍ ഉണ്ടായിരുന്നപ്പോഴാണ് മരണ വാര്‍ത്ത കേള്‍ക്കുന്നത്. അതുകൊണ്ട് നേരിട്ടെത്തി കണ്ടതെന്നും നടന്‍ സൂര്യ പറഞ്ഞു.
'നടന്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണ് ഞാന്‍. കൊച്ചിയില്‍ ഉള്ളപ്പോഴാണ് വാര്‍ത്ത അറിഞ്ഞത്. കേട്ടപ്പോള്‍ ഞെട്ടിപ്പോയി. നേരിട്ട് വന്ന് തന്നെ അവസാനമായി കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അദ്ദേഹം സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍, സിനിമയില്‍ പഠിപ്പിച്ചു തന്നത്, അദ്ദേഹത്തിന്റെ എഴുത്ത്, അങ്ങനെ എല്ലാം എക്കാലവും ഓര്‍മിക്കപ്പെടും. ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു,' സൂര്യ പറഞ്ഞു.
ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തും. കഴിഞ്ഞ ദിവസം എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ സജി ചെറിയാന്‍, പി രാജീവ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ശ്രീനിയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു. അഭിനയജീവിതത്തില്‍ സുപ്രധാന നിമിഷങ്ങളില്‍ ഒപ്പം നിന്ന പ്രിയപ്പെട്ടവന് സമീപം ഒന്നിച്ചഭിനയിച്ച മുഹൂര്‍ത്തങ്ങളുടെ പൊള്ളുന്ന ഓര്‍മകളുമായി ഇരുവരും.
അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ പതിയെ സജീവമാകുന്നതിനിടെയാണ് വിയോഗം. തൃപ്പുണിത്തറ ഉദയംപേരൂരിലെ വീട്ടിലായിരുന്ന ശ്രീനിവാസനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറുപത്തിയൊമ്പതാം വയസില്‍ പറയാനേറെ കഥകള്‍ ബാക്കിവെച്ച് ശ്രീനിവാസന്‍ ഓര്‍മ്മയായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR