Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഡിസംബര്‍ (H.S.)
എകെജി പഠനഗവേഷണകേന്ദ്രം ഫെബ്രുവരി ആദ്യം തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ സംഘാടകസമിതി രൂപവത്ക്കരിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി എം. എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സിപിഐഎം സംസ്ഥാനസെക്രട്ടറി എം. വി. ഗോവിന്ദൻ എന്നിവർ രക്ഷാധികാരികളും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി ചെയർപേഴ്സണും സിപിഐഎം ജില്ലാസെക്രട്ടറി വി. ജോയി എംഎൽഎ ജനറൽ കൺവീനറുമായി 200 അംഗസംഘാടകസമിതിക്കാണ് എകെജി പഠനഗവേഷണകേന്ദ്രത്തിൽ ചേർന്ന യോഗം രൂപം നല്കിയത്.
പതിനഞ്ചോളം സബ് കമ്മിറ്റികൾക്കും രൂപം നല്കി. എസ്. രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായ യോഗത്തിൽ വി. ജോയിയാണ് സംഘാടകസമിതി സംബന്ധിച്ച നിർദ്ദേശം അവതരിപ്പിച്ചത്. സി എസ് സുജാത, എം വിജയകുമാർ, ടി എൻ സീമ, ആനാവൂർ നാഗപ്പൻ, കെ എൻ ഹരിലാൽ, ആർ. പാർവ്വതി ദേവി തുടങ്ങിയവരും വിവിധ വർഗ്ഗബഹുജനസംഘടനാപ്രതിനിധികളും മറ്റു പ്രമുഖരും സംബന്ധിച്ചു. പഠനകോൺഗ്രസ് തീയതി വൈകാതെ പ്രഖ്യാപിക്കും. തുടർന്ന് വെബ്സൈറ്റ് പ്രകാശനത്തോടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
എസ്. രാമചന്ദ്രൻ പിള്ള ചെയർപേഴ്സണും ഡോ. ടി. എം. തോമസ് ഐസക്ക് കൺവീനറും ഡോ. ആർ. രാമകുമാർ കോ-കൺവീനറുമായ അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനകോൺഗ്രസിനു മുന്നോടിയായി എട്ടു പ്രധാനവിഷയമേഖലകളിൽ വിപുലമായ സെമിനാറുകൾ വിവിധ ജില്ലകളിൽ സംഘടിപ്പിച്ചിരുന്നു.
ശരാശരി 300 അവതരണങ്ങൾ വീതം നടന്ന ഈ സെമിനാറുകളിൽനിന്നു സമാഹരിച്ച ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രബന്ധങ്ങൾ പഠനകോൺഗ്രസിൽ അവതരിപ്പിക്കും. ഇതുൾപ്പെടെ 36 വിഷയങ്ങളിലുള്ള സെമിനാറുകൾ പഠനകോൺഗ്രസിൽ നടക്കും. ഓരോ വിഷയസമ്മേളനത്തിലും അഞ്ചു പണ്ഡിതർവീതം 180 പ്രബന്ധങ്ങൾ അവതരിപ്പിക്കും. അവയിൽ വിശദമായ ചർച്ചകളും നടക്കും.
ഇന്നത്തെ സവിശേഷസാഹചര്യത്തിൽ നവകേരളത്തിനുള്ള പുതുവഴികൾ തേടാനുള്ള അന്വേഷണങ്ങളാണ് അഞ്ചാമതു പഠനകോൺഗ്രസിൽ നടക്കുകയെന്ന് ആമുഖാവതരണം നടത്തിയ ഡോ. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിലെ ആദ്യമന്ത്രിസഭ ഇഎംഎസിന്റെ നേതൃത്വത്തിൽ നിലവിൽ വരുന്നതിനുമുമ്പ് കേരളസംസ്ഥാനം എങ്ങനെയാണു രൂപപ്പെടുത്തേണ്ടത് എന്ന ആഴത്തിലുള്ള ആലോചന നടത്തിയിരുന്നു. അതിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഒട്ടുമിക്കതും പില്ക്കാലത്തു നടപ്പാക്കാൻ കഴിഞ്ഞതാണ് മാനവവികസനത്തിൽ കേരളത്തെ ഇതര ഇൻഡ്യൻ സംസ്ഥാനങ്ങളെക്കാൾ മുന്നിലും ലോകത്തുതന്നെ ശ്രദ്ധേയമായ നിലയിലും എത്തിച്ചത്.
അന്ന് വിപുലമായ അക്കാദമികസമൂഹം ഉണ്ടായിരുന്നില്ല. രാഷ്ട്രീയനേതൃത്വമാണ് ആ ആലോചനകൾ നടത്തിയത്. 1994 മുതൽ നടന്ന നാലു പഠനകോൺഗ്രസുകളിലും രാജ്യാന്തരതലത്തിലെയടക്കം അക്കാദമികപണ്ഡിതരും വികസനവിഷയങ്ങളിലെ വിദഗ്ദ്ധരും നാട്ടിലെ പൊതുപ്രവർത്തകരും ഒന്നിച്ചിരുന്നാണ് സംസ്ഥാനത്തിന്റെ ഭാവി ആവിഷ്ക്കരിച്ചത്. എൽഡിഎഫിന്റെ പ്രകടനപത്രികകളിൽ ഈ ആശയങ്ങൾ സ്വാധീനഘടകം ആയിരുന്നെന്നും തോമസ് ഐസക്ക് പറഞ്ഞു.
കേരളം കൈവരിച്ചിരിക്കുന്ന മാറ്റവും അതിനു നിദാനമായ ഇത്തരം കൂട്ടായ പഠനങ്ങളും മനസിലാക്കാതെയാണ് ശശി തരൂർമാർ വികസനത്തെപ്പറ്റി അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതെന്ന് ഇൻഡ്യൻ എക്സ്പ്രസിലെ ലേഖനം പരാമർശിച്ച് ഐസക്ക് പറഞ്ഞു. വലിയ സ്വപ്നവുമായി മുന്നേറുന്ന കേരളത്തെ ഫെഡറൽ സംവിധാനത്തിലെ സങ്കീർണ്ണതകൾ വച്ചു കുരുക്കിയിടാൻ ശ്രമിക്കുന്ന ബിജെപിയുടെ യൂണിയൻ സർക്കാരിനെപ്പറ്റി ഒരക്ഷരം പറയാതെയുള്ള ശശി തരൂരിന്റെ നിലപാട് കോൺഗ്രസിന്റെ ബിജെപി അനുകൂലസമീപനത്തിന് അടിവരയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR