Enter your Email Address to subscribe to our newsletters

Karnataka, 24 ഡിസംബര്‍ (H.S.)
ക്രിസ്മസ് സീസണില്‍ നാട്ടിലെത്താനുള്ള മലയാളികളുടെ ആഗ്രഹത്തിനൊപ്പം തന്നെ സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കും വര്‍ധിക്കുന്ന കാഴ്ചയാണ് എങ്ങും. പ്രമുഖ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് യാത്രയുടെ ടിക്കറ്റ് വില കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും. അതിനിടയിലാണ് ബെംഗളുരുവില്‍ നിന്ന് കേരളത്തിന് മറ്റൊരു ആശ്വാസ വാര്‍ത്ത എത്തുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലിലാണ് ക്രിസ്മസിന് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെത്താന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത എത്തുന്നത്. ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചതായി കര്‍ണ്ണാടക ആര്‍ ടി സി അറിയിച്ചു.
കെ സി വേണുഗോപാല്‍ എം പി ഈ വിഷയം കര്‍ണ്ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണ്ണാടക ആര്‍ ടി സിയിടെ നടപടി. ശബരിമല തീര്‍ത്ഥാടകരെ കൂടി പരിഗണിച്ച് പമ്പ ഉള്‍പ്പെടെ ഏട്ട് ജില്ലകളിലേക്കാണ് ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 തീയതികളിലായി 17 ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. എറണാകുളത്തേക്ക് 5, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോന്നും വീതം സര്‍വീസുകളാണ് ഈ തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S