Enter your Email Address to subscribe to our newsletters

Kerala, 24 ഡിസംബര്‍ (H.S.)
ചരിത്രം സൃഷ്ടിച്ച് ഇസ്രോ. ഐഎസ്ആര്‍ഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (LVM3) ബുധനാഴ്ച രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിച്ചു. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പെയ്സ് മൊബൈലിന്റെ അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് 6 ആണ് വഹിക്കുന്നത്. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ, ബഹിരാകാശത്തുനിന്ന് നേരിട്ട് സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ബ്രോഡ്ബാന്‍ഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച രാവിലെ തുടങ്ങിയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ബുധനാഴ്ച രാവിലെ 8.24-നായിരുന്നു വിക്ഷേപണം.ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം-3, ബ്ലൂബേര്‍ഡ്-6 ഉപഗ്രഹത്തെ 16 മിനിറ്റുകൊണ്ട് ഭൂമിയില്‍നിന്ന് 520 കിലോമീറ്റര്‍മാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. 43.5 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് മൊത്തം 640 ടണ്‍ ഭാരമുണ്ട്. ഇന്ത്യയില്‍നിന്നു വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6.5 ടണ്‍ വരുന്ന ബ്ലൂബേര്‍ഡ്-6.
ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേര്‍ഡ് ഉപഗ്രഹത്തിന്റെ ദൗത്യം.
---------------
Hindusthan Samachar / Sreejith S