Enter your Email Address to subscribe to our newsletters

New delhi, 24 ഡിസംബര്‍ (H.S.)
ഉന്നാവോ അതിജീവിതയ്ക്കും അമ്മയ്ക്കും നേരെ ഉണ്ടായ അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ക്രൂരബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറുന്നത് ന്യായമാണോ എന്ന് രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ് ഫോമില്‍ കൂടി ചോദ്യമുന്നയിച്ചു.
'നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയതാണോ അവള്‍ചെയ്ത തെറ്റ്? ഇരയായ പെണ്‍കുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റക്കാരനായ മുന്‍ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത് തീര്‍ത്തും നിരാശാജനകവും ലജ്ജാകരവുമാണ്. പീഡകന് ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഏത് തരത്തിലുള്ള നീതിയാണ്? നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങളില്‍ കൂടി ചത്ത സമൂഹമായി മാറുകയാണ് നാം. ഒരു ജനാധിപത്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക എന്നത് അവകാശമാണ്. അതിനെ അടിച്ചമര്‍ത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്. നിസ്സഹായതയും ഭയവും അനീതിയുമല്ല', രാഹുല്‍ ഗാന്ധി കുറിച്ചു.
പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സേംഗറിന് ജാമ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അതിജീവിതയും മാതാവും ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും ഉന്നാവോ അതിജീവിതയ്ക്കും മാതാവിനും നേരെ അതിക്രമമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.
---------------
Hindusthan Samachar / Sreejith S