Enter your Email Address to subscribe to our newsletters

Kochi, 25 ഡിസംബര്‍ (H.S.)
കൊച്ചി കോര്‍പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദീപ്തി മേരി വര്‍ഗീസ്. കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുഖ്യ പരിഗണനയിലുണ്ടായിരുന്ന ദീപ്തിയെ വെട്ടിയാണ് മിനിമോള്‍ക്കും ഷൈനി മാത്യുവിനും പാര്‍ട്ടി മേയര്‍ പദവി നല്‍കാന്‍ തീരുമാനിച്ചത്.
ആദ്യ രണ്ടരവര്‍ഷമാണ് മിനിമോള്‍ മേയറാവുക. തുടര്‍ന്നുള്ള രണ്ടരവര്‍ഷം ഷൈനി മേയറാകും. വെള്ളിയാഴ്ചയാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. 'കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍' എന്നാണ് ദീപ്തി മേരി വര്‍ഗീസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥികളില്‍ തീരുമാനമെടുത്തത്.
ഡെപ്യൂട്ടി മേയര്‍പദവിയും രണ്ടുപേര്‍ക്കാണ് നല്‍കുന്നത്. മിനിമോളുെട കാലയളവില്‍ ദീപക് ജോയിയും ഷൈനിയുടെ കാലയളവില്‍ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പക്ഷക്കാരിയായ ദീപ്തിയുടെ പേര് പാര്‍ട്ടി നേതൃത്വത്തിനിടയില്‍ അവസാന നിമിഷംവരെ ഉണ്ടായിരുന്നു. എന്നാല്‍ കൗണ്‍സിലര്‍മാരുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കിയാണ് കോര്‍ കമ്മിറ്റി യോഗം മിനിമോളെയും ഷൈനിയെയും തീരുമാനിച്ചത്.
മേയറായി പാര്‍ട്ടി പ്രഖ്യാപിച്ച രണ്ടുപേര്‍ക്കും തന്റെ പിന്തുണയുണ്ടെന്നും യാതൊരു തരത്തിലുള്ള ബാര്‍ഗയിനിങ്ങും നടത്തിയിട്ടില്ലെന്നും നടത്തുകയുമില്ലെന്നും കഴിഞ്ഞദിവസം ദീപ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ഇവിടെ ഒരു പ്രശ്‌നവുമില്ല. രണ്ടുപേരെ മേയര്‍ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും എന്റെ പിന്തുണയുണ്ട്. യാതൊരു തരത്തിലുള്ള ബാര്‍ഗയിനിങ്ങും ഞാന്‍ നടത്തിയിട്ടില്ല, നടത്തുന്നുമില്ല. പാര്‍ട്ടി ഇനിയും എന്താണോ പറയുന്നത് അത് ഞാന്‍ ചെയ്യും. എനിക്ക് ഇപ്പോള്‍ വലിയൊരു ഉത്തരവാദിത്വം ഉണ്ടല്ലോ. ഞാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആണ്. എന്നെ ജയിപ്പിച്ച ജനങ്ങളുണ്ട്, എറണാകുളത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയം ഡിവിഷന്‍ ആണ് എന്റേത്. ഇവിടുത്തെ ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്വം ചെയ്യുക എന്നതില്‍ കവിഞ്ഞ മറ്റൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല' -ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S