Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഡിസംബര്‍ (H.S.)
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കാ നാളെ (ഡിസംബര്‍ 30 ന്) സമാപിക്കും.
കോളേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി എത്തിച്ചേരും. 11.30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേര്‍ക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, ശശി തരൂര്‍ എം.പി., കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. മീരാ ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിക്കും.
1949 ജൂണ്‍ മാസത്തില്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത മാര്‍ ഇവാനിയോസ് കോളേജ് നാലാഞ്ചിറയില്‍ ആരംഭിച്ചു. അന്നത്തെ ആര്‍ച്ചുബിഷപ്പായിരുന്ന ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയായിരുന്നു കോളേജിന്റെ സ്ഥാപകന്‍.
പില്‍ക്കാലത്ത് ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ആയിരുന്ന ഫാ. ബനഡിക്ട് ഒ.ഐ.സി. ആയിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍. സത്യം നിങ്ങളെ സ്വതന്ത്രരാക്കും (Viritas Vos Liberabit) എന്ന ആപ്തവാക്യത്തില്‍ സമാരംഭിച്ച മാര്‍ ഇവാനിയോസ് കോളേജ് കഴിഞ്ഞ 75 വര്‍ഷമായി രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോളേജുകളില്‍ ഒന്നായി വളര്‍ന്നു. 1985 ല്‍ മാല്‍ക്കം ആദിശേഷയ്യ കമ്മീഷന്‍ മാര്‍ ഇവാനിയോസ് കോളേജിനെ സ്വയംഭരണാവകാശമുള്ള കോളേജായി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തു. കേരളാ യൂണിവേഴ്സിറ്റിയുടെ കീഴില്‍ നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ കോളേജ് മാര്‍ ഇവാനിയോസ് കോളേജാണ്.
2004 ല്‍ യുജിസി ഓട്ടോണമസ് പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്തു. 2014 ല്‍ കോളേജ് ഓട്ടോണമസ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ അനേകവര്‍ഷം ചാമ്പ്യന്മാരായിരുന്നു. ഇപ്പോള്‍ രാജ്യത്തെ മികച്ച 50 കോളേജുകളില്‍ ഒന്ന് മാര്‍ ഇവാനിയോസ് കോളേജാണ്. കേംബ്രിഡ്ജ് സര്‍വ്വകലാസാല അതിന്റെ പരീക്ഷാപരിശീലനത്തിനും പരീക്ഷാസെന്ററിനുമായി മാര്‍ ഇവാനിയോസ് കോളേജിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
18 ഡിഗ്രി കോഴ്സുകളും 9 വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സൗകര്യങ്ങളും 6 വിഷയങ്ങളില്‍ ഗവേഷണ സൗകര്യങ്ങളും കോളേജിലുണ്ട്. മൂവായിരം വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ കോളേജില്‍ പഠിക്കുന്നത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മാര്‍ ഇവാനിയോസ് സ്റ്റഡി സെന്ററില്‍ 8400 കുട്ടികളും, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മാര്‍ ഇവാനിയോസ് സ്റ്റഡി സെന്ററില്‍ 800 കുട്ടികളും പഠിക്കുന്നു.
ഇപ്പോള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ കോളേജ് മാനേജറും, ഡോ. മീരാ ജോര്‍ജ്ജ് പ്രിന്‍സിപ്പലും, ഫാ. തോമസ് കയ്യാലയ്ക്കല്‍ ബര്‍സാറുമാണ്. സമ്മേളനത്തിന് എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ സര്‍വോദയ വിദ്യാലയ, മാര്‍ ഇവാനിയോസ് കോളേജ് അങ്കണം, മാര്‍ ഗ്രിഗോറിയോസ് ലോ കോളേജ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവര്‍ 11 മണിക്ക് മുമ്പായി സമ്മേളന നഗറില്‍ പ്രവേശിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR