Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഡിസംബര്‍ (H.S.)
എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ.പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലർ ആർ.ശ്രീലേഖ പറഞ്ഞു.
ഒഴിയാൻ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് അതിന് മറുപടി നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു.
പ്രശാന്തിന്റെ കയ്യില്‍ ഫോണ്‍ റെക്കോർഡ് ഉണ്ടെങ്കില്‍ അത് പരിശോധിക്കാമെന്നും അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാകുമെന്നും ശ്രീലേഖ പറഞ്ഞു. ഓഫിസിന്റെ കാര്യത്തില്‍ തുടർനടപടി മേയറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശ്രീലേഖ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ശ്രീലേഖ വി.കെ.പ്രശാന്ത് എംഎല്‍എയെ നേരിട്ട് കണ്ടു.
''എന്റെ അറിവ് അനുസരിച്ച് എംഎല്‍എ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം കോർപറേഷന്റേതാണ്. ഈ സ്ഥലത്തിന് പൂർണ അവകാശം കോർപറേഷനാണ്. വി.കെ.പ്രശാന്ത് എന്റെ അടുത്ത സുഹൃത്താണ്. സഹോദരതുല്യനായ ആളാണ്. ഇന്നലെ മുൻ കൗണ്‍സിലർക്കൊപ്പം ഇരുന്നപ്പോഴാണ് നമുക്ക് ഇരിക്കാനൊരു സ്ഥലം വേണ്ടെ എന്ന് അദ്ദേഹം ചോദിച്ചത്. അപ്പോള്‍ ശാസ്തമംഗലത്ത് കെട്ടിടമുണ്ടല്ലോ എന്നാണ് ഞാൻ പറഞ്ഞത്. ആ സമയത്താണ് കെട്ടിടത്തിന് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പിന്നാലെയാണ് പ്രശാന്തിനെ ഫോണ്‍ വിളിച്ചത്. ആദ്യം പ്രശാന്ത് ഫോണ്‍ എടുത്തില്ല. പിന്നാലെ എന്നെ പ്രശാന്ത് തിരിച്ച് വിളിക്കുകയായിരുന്നു.
ഞാൻ കൗണ്‍സിലറായി, എല്ലാവിധ സഹായങ്ങളും ഉണ്ടാകണം എന്നാണ് ആദ്യം പറഞ്ഞത്. പിന്നാലെയാണ് എനിക്കൊരു അപേക്ഷയുണ്ട് എന്ന് പറഞ്ഞ് കെട്ടിടത്തിന്റെ കാര്യം പറഞ്ഞത്. ഞാൻ കൗണ്‍സിലറായി പക്ഷേ, എനിക്ക് ഇരിക്കാൻ സ്ഥലമില്ല. അതുകൊണ്ട് ആ ഓഫിസ് ഒന്ന് മാറിത്തരാൻ പറ്റുമോ, അത് പരിഗണിക്കണേ അതെന്റെ അപേക്ഷയാണെന്നാണ് പറഞ്ഞത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു അത് ഇപ്രാവശ്യം ബുദ്ധിമുട്ടായിരിക്കും എന്ന്. തിരഞ്ഞെടുപ്പ് കഴിയും വരെ കെട്ടിടം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് 5 വർഷത്തേയ്ക്ക് ജോലി ചെയ്യേണ്ടതല്ലേ, ആ കെട്ടിടം കിട്ടിയാല്‍ നന്നായിരുന്നു എന്ന് പറഞ്ഞു. അതൊന്ന് പരിഗണിക്കണം, പതുക്കെ മതി തീരുമാനം എന്നാണ് പറഞ്ഞത്.
അപ്പോള്‍ പ്രശാന്താണ് പറഞ്ഞത് അത് പറ്റില്ല, ഒഴിപ്പിക്കാൻ പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്ന്. അത് എന്റെ കൂടെയുള്ളവർ കേട്ടതാണ്. എന്റെ ഫോണില്‍ റെക്കോർഡ് ഇല്ല. ഞാൻ ആരുടെയും ഫോണ്‍ റെക്കോർഡ് ചെയ്യാറില്ല. എന്റെ അറിവില്‍ പ്രശാന്തിന്റെ ഫോണില്‍ റെക്കോർഡ് ഉണ്ട്. അത് പരിശോധിക്കാം. എന്റെ യാചന സ്വരവും പ്രശാന്ത് ഇങ്ങോട്ട് സംസാരിച്ച രീതിയും നിങ്ങള്‍ക്ക് കേള്‍ക്കാം''- ശ്രീലേഖ പറഞ്ഞു.
തന്റെ അറിവില്‍ കോർപറേഷനുമായി ഇത്തരത്തിലൊരു കരാർ ഉണ്ടെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. ''കഴിഞ്ഞ കോർപറേഷൻ അദ്ദേഹത്തിന് ചെയ്ത് കൊടുത്ത സഹായമാണ് കെട്ടിടം. എന്റെ നയം അഭ്യർഥനയാണ്. അതിന് ശേഷം സമ്മതിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. സഹോദരതുല്യനായ ഒരാളോട് അഭ്യർഥിക്കുകയാണ് ചെയ്തത്. അല്ലാതെ മറ്റൊരു രീതിയിലും സംസാരിച്ചിട്ടില്ല. അടുത്ത നടപടി എന്താണെന്ന് പാർട്ടി നേതൃത്വത്തോടും മേയറുമായും ആലോചിച്ച് തീരുമാനിക്കും. എംഎല്‍എ ക്വാർട്ടേഴ്സ് തൊട്ടടുത്താണ്. അദ്ദേഹം വിചാരിച്ചാല്‍ മണ്ഡലത്തില്‍ എവിടെയും സ്ഥലം കിട്ടും. പക്ഷേ, കൗണ്‍സിലർക്ക് അങ്ങനെയല്ല''-ശ്രീലേഖ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR