ശാസ്തമംഗലം ഓഫീസ് വിവാദത്തിൽ പ്രതികരണവുമായി മേയര്‍ വി വി രാജേഷ്
Thiruvananthapuram, 28 ഡിസംബര്‍ (H.S.) തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ശാസ്തമംഗലത്തുള്ള വട്ടിയൂർക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള തർക്കം തലസ്ഥാന നഗരസഭയിലെ ആദ്യത്തെ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സി.പി.എമ്മി
V V Rajeesh


Thiruvananthapuram, 28 ഡിസംബര്‍ (H.S.)

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ശാസ്തമംഗലത്തുള്ള വട്ടിയൂർക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള തർക്കം തലസ്ഥാന നഗരസഭയിലെ ആദ്യത്തെ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി ഭരണം പിടിച്ചെടുത്ത കോർപ്പറേഷനില്‍, എം.എല്‍.എ ഓഫീസ് ഒഴിഞ്ഞു കൊടുക്കണമെന്ന കൗണ്‍സിലറുടെ ആവശ്യവും ഇതിനെതിരെ എം.എല്‍.എയുടെ പ്രതികരണവും വിഷയത്തെ കൂടുതല്‍ ആളിക്കത്തിച്ചു.

വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി. വി. രാജേഷ് രംഗത്തെത്തി. ഈ വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ലെന്നാണ് മേയറുടെ നിലപാട്. കൗണ്‍സിലർ ആർ. ശ്രീലേഖ, വി.കെ. പ്രശാന്തുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ കാര്യങ്ങളും പാർട്ടിയോട് പറയണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ചർച്ച വന്ന സാഹചര്യത്തില്‍, ഇത്തരത്തില്‍ കോർപ്പറേഷൻ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലെ രേഖകള്‍ പരിശോധിക്കും,” മേയർ വ്യക്തമാക്കി.

നിലവില്‍ 300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറി എം.എല്‍.എയ്ക്ക് നല്‍കിയിരിക്കുന്നത് 832 രൂപയ്ക്കാണ്. സ്വകാര്യ വ്യക്തികള്‍ക്ക് ഇതേ രീതിയില്‍ കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കും.

എം.എല്‍.എ ഓഫീസുകള്‍ക്ക് വാടകയില്‍ ഇളവുകള്‍ അനുവദിക്കുന്നതില്‍ നിയമപരമായി പ്രശ്‌നങ്ങളില്ലെന്നും, രേഖകള്‍ പൂർണ്ണമായി പരിശോധിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും മേയർ കൂട്ടിച്ചേർത്തു. സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ വാടകയില്‍ കെട്ടിടം നല്‍കിയിട്ടുണ്ടെങ്കില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ശാസ്തമംഗലം വാർഡ് കൗണ്‍സിലറായ ആർ. ശ്രീലേഖയാണ് തർക്കത്തിന് തുടക്കമിട്ടത്. വാർഡ് കൗണ്‍സിലർക്ക് ഓഫീസ് സൗകര്യമില്ലാത്തതിനാല്‍, കോർപ്പറേഷൻ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എം.എല്‍.എയുടെ ഓഫീസ് ഒഴിയണമെന്നായിരുന്നു കൗണ്‍സിലർ ശ്രീലേഖയുടെ ആവശ്യം.

ഇക്കാര്യം ഫോണ്‍ വിളിച്ച്‌ എം.എല്‍.എയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, കൗണ്‍സില്‍ തനിക്ക് അനുവദിച്ച സമയപരിധി മാർച്ച്‌ 31 വരെയാണെന്നും അതുവരെ ഒഴിയാനാവില്ലെന്നും എം.എല്‍.എ വി.കെ. പ്രശാന്ത് കൗണ്‍സിലറെ അറിയിച്ചതോടെയാണ് തർക്കം കടുത്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും വിഷയത്തില്‍ കക്ഷിചേർന്നതോടെ ഓഫീസ് ഒഴിപ്പിക്കല്‍ വിവാദം കൂടുതല്‍ രാഷ്ട്രീയമാനം കൈക്കൊണ്ടു.

ഇതിനിടെ, കോർപ്പറേഷൻ പരിധിയില്‍ സർവ്വീസ് നടത്താനായി കേന്ദ്രസർക്കാർ അനുവദിച്ച ബസ്സുകള്‍ നഗരത്തിന് പുറത്തുള്ള റൂട്ടുകളിലേക്ക് തിരിച്ചുവിടുന്നു എന്ന പരാതിയും മേയർ വി. വി. രാജേഷ് പരിശോധിക്കുമെന്ന് അറിയിച്ചു.

നഗരത്തിലൂടെ ഓടാനായി അനുവദിച്ച ബസ്സുകള്‍ മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച്‌ ഉടൻതന്നെ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News