Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഡിസംബര്‍ (H.S.)
2027 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ (IRIA) പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പ്രീലോഞ്ച് അന്താരാഷ്ട്ര ഗവേഷക സംഗമം ഡിസംബർ 29ന് കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. രാവിലെ 9.30ന് ബഹു. ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. കിഫ്ബി സിഇഒ-യും ബഹു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.കെഎം എബ്രഹാം, സിഎഫ്‌എ, ഐഎഎസ് (റിട്ട) മുഖ്യാതിഥിയായിരിക്കും.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖ്യപദ്ധതികളിലൊന്നായാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം പിണറായി സർക്കാർ കാലഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ–കല്ലിയോട് പ്രദേശത്ത് 111 ഏക്കർ സ്ഥലത്താണ് തുടക്കമിടുന്നത്. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 74 കോടി രൂപയും മറ്റ് ചിലവുകൾക്കായി 114 കോടി രൂപയും വിനിയോഗിക്കും. ആദ്യഘട്ടം പൂർത്തിയാക്കുന്നതിനായി മൊത്തം 118 കോടി രൂപ ചെലവിടും.
ആദ്യഘട്ടത്തിൽ 100 കിടക്കകളുള്ള റിസർച്ച് ഹോസ്പിറ്റൽ മോഡൽ പേഷ്യൻറ് കെയർ സെന്റർ, മാനുസ്ക്രിപ്റ്റ് സ്റ്റഡീസ് സെന്റർ, മെഡിസിനൽ പ്ലാന്റ് റിസർച്ച് സെന്റർ എന്നിവ ഉൾപ്പെടുത്തി ആറ് ഡിപ്പാർട്ട്മെന്റുകളും 23 ഡിവിഷനുകളുമായാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം ജനുവരി മാസാവസാനം നടത്താനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, വ്യവസായ പ്രതിനിധികൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തന മേഖലകൾ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ചുള്ള വിശദമായ ചർച്ചകളാണ് സംഗമത്തിൽ നടക്കുക. ഇതിനായി തയ്യാറാക്കിയ പ്രവർത്തന നയ രൂപരേഖ (Functional Mandate) അടിസ്ഥാനമാക്കിയാണ് സംവാദങ്ങളും ആശയവിനിമയങ്ങളും നടത്തുന്നത്.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി (CSIR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തുടങ്ങിയ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും കേരളത്തിലെ പ്രധാന ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലെ പ്രതിനിധികളും സംഗമത്തിൽ പങ്കാളികളാകും. പദ്ധതി പ്രദേശത്തെ എംഎൽഎ യും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പങ്കെടുക്കും.
ആയുർവേദ ഗവേഷണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി ഏതൊക്കെ മേഖലകളിൽ സഹകരിക്കാം എന്നതിനെക്കുറിച്ചുള്ള താൽപര്യം ക്ഷണിക്കുക എന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ചർച്ചകളുടെ അടിസ്ഥാനത്തിൽ താൽപര്യപത്രങ്ങളും ധാരണാപത്രങ്ങളും വികസിപ്പിക്കുകയും ഗവേഷണ സ്ഥാപനം ആരംഭിക്കുമ്പോൾ തന്നെ അതിന്റെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നത് കൃത്യമായി വിഭാവനം ചെയ്യുകയും ചെയ്യുക എന്നതുമാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ഗവേഷണത്തിന് കേരളം വേദിയൊരുക്കുകയും പരമ്പരാഗത ജ്ഞാനവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് പുതിയ അറിവുകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതുമാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ദീർഘകാല ലക്ഷ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR