Enter your Email Address to subscribe to our newsletters
Kerala, 29 മാര്‍ച്ച് (H.S.)
കുടക് ജില്ലയില്‍ മടിക്കേരിക്കടുത്ത് ഭാര്യ, മകള്‍, ഭാര്യാപിതാവ്, ഭാര്യാമാതാവ് എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ മലയാളി യുവാവിനെ പൊലീസ് പിടികൂടി.മാനന്തവാടി തിരുനെല്ലി ഗുണ്ടികപറമ്ബ് ഉന്നതിയിലെ ഗിരീഷാണ് (38) പിടിയിലായത്.
മാനന്തവാടിയില്‍നിന്ന് 70 കി.മീറ്റർ അകലെ കർണാടകയിലെ ബേഗൂർ പൊന്നംപേട്ടില്‍ താമസിച്ചിരുന്ന കുടുംബാംഗങ്ങളെയാണ് ഇയാള്‍ വ്യാഴാഴ്ച അർധരാത്രി വെട്ടിക്കൊലപ്പെടുത്തിയത്.
രണ്ടാം ഭാര്യ നാഗി (34), നാഗിയുടെ മകള്‍ കാവേരി (അഞ്ച്), ഭാര്യയുടെ പിതാവ് കരിയൻ (70), ഭാര്യയുടെ മാതാവ് ഗൗരി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലുപേരെയും കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. ഏഴ് വർഷം മുമ്ബ് വിവാഹിതരായ ഗിരീഷും നാഗിയും കൂലിപ്പണിക്കാരാണ്. ദമ്ബതികളും മകളും ഈയിടെയാണ് ബെഗൂരിലെ കരിയയുടെ വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.
സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ കുടക് പൊലീസ് കേരള പൊലീസിന്റെ സഹകരണം തേടിയിരുന്നു. തലപ്പുഴ എസ്.ഐ ടി. അനീഷ്, സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ജി. അനില്‍, സ്റ്റേഷൻ സി.പി.ഒമാരായ അലി, ഷക്കീർ എന്നിവർ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ ഇന്നലെ വൈകീട്ട് പിടികൂടിയത്. തുടർന്ന് ഇയാളെ ബേഗൂർ പൊന്നംപേട്ട പൊലീസിന് കൈമാറി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR