Enter your Email Address to subscribe to our newsletters
Kerala, 30 മാര്‍ച്ച് (H.S.)
ദേശ വിരുദ്ധമായ ഉള്ളടക്കത്തെ തുടർന്ന് നിരവധി മേഖലകളിൽ നിന്നും എതിർപ്പ് നേരിട്ടതിനെ തുടർന്ന് സിനിമയുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ മോഹൻലാലിൻറെ സുഹൃത് മേജർ രവി മോഹൻലാലിനെ ന്യായീകരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. സിനിമ ലാൽ കണ്ടില്ലെന്നും, അദ്ദേഹം ക്ഷമാപണം എഴുതി തയ്യാറാക്കിയെന്നും മേജർ രവി വെളിപ്പെടുത്തിയിരുന്നു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു...
സ്നേഹപൂർവ്വം മോഹൻലാൽ
---------------
Hindusthan Samachar / Roshith K