Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്. അടുത്തമാസം ഇടവമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്താനാണ് ആലോചന. ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തിന് രാഷ്ട്രപതി ഭവന്‍, തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം.
മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പോലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. സുരക്ഷാ- താമസ സൗകര്യങ്ങളാണ് പോലീസ് പരിശോധിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്. പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങള്‍ തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു.
പമ്പയില്‍നിന്ന് സന്നിധാനംവരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്സിങ് സൂപ്രണ്ട് തേടിയിരുന്നു. നിലയ്ക്കല്‍വരെ ഹെലികോപ്റ്ററില്‍ എത്തിയശേഷം പമ്പയില്‍ നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത്.
രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവമാസ പൂജയ്ക്കിടെ മേയ് 17-നോട് അടുത്ത് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ നിര്‍ദേശം.
---------------
Hindusthan Samachar / Sreejith S