Enter your Email Address to subscribe to our newsletters
Kerala, 2 ഏപ്രില്‍ (H.S.)
വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിനേക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. ഏതെങ്കിലും സമുദായത്തിന്റെ മതാചാരങ്ങളില്‍ കൈകടത്തുന്നതല്ല നിര്‍ദിഷ്ട നിയമനിര്‍മാണം. വഖഫ് വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണ് ബില്ലിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വോട്ട് ബാങ്കിനുവേണ്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയംനിറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു.
മതപരമായ കാര്യങ്ങളില്‍ കൈകടത്തുക എന്നതല്ല വഖഫ് ബോര്‍ഡിലെ മുസ്ലിം ഇതര അംഗങ്ങളുടെ ചുമതല. ഭരണനിര്‍വഹണം നിയമാനുസൃതമായാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുക, എന്ത് കാര്യത്തിനാണോ സംഭാവന ലഭിച്ചത് ആ തുക അതിനുവേണ്ടിത്തന്നെയാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുക- ഇതാണ് അവരുടെ ഉത്തരവാദിത്വം, അമിത് ഷാ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S