Enter your Email Address to subscribe to our newsletters
Kerala, 26 ഏപ്രില്‍ (H.S.)
സ്വര്‍ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് ഉടനെന്നും ജാമ്യം ലഭിക്കില്ല. 1974ലെ വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് തടയല്‍ നിയമം (കോഫെപോസ) കൂടി ചുമത്തിയതോടെ് ഒരു വര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ല. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) ശുപാര്‍ശയെത്തുടര്‍ന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഏജന്‍സി സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ (സി.ഇ.ഐ.ബി)യാണ് നടിക്കും മറ്റ് രണ്ട് പ്രതികള്‍ക്കുമെതിരെ നിയമം ചുമത്തിയത്.
ആവര്‍ത്തിച്ചുള്ള കള്ളക്കടത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണങ്ങളില്‍ സഹകരിക്കാത്തവരായി കാണപ്പെടുന്ന വ്യക്തികളെ കസ്റ്റഡിയിലെടുക്കുന്നതിനും ഈ നിയമം ഉപയോഗിക്കുന്നു. നടിയും മറ്റ് പ്രതികളും ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. കേസില്‍ അറസ്റ്റിലായ തരുണ്‍ രാജു, സാഹില്‍ സക്കറിയ ജെയിന്‍ എന്നിവര്‍ക്കെതിരെയും കോഫെപോസ പ്രകാരം കേസെടുത്തിട്ടുണ്ട്.
12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കഴിഞ്ഞ മാസം മൂന്നിനാണ് ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ മകളായ രന്യ റാവു അറസ്റ്റിലായത്. രന്യയും കൂട്ടുപ്രതികളും നിലവില്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്.
---------------
Hindusthan Samachar / Sreejith S