Enter your Email Address to subscribe to our newsletters
Kerala, 3 ഏപ്രില്‍ (H.S.)
താവക്കര കാംപസില്‍ സെമിനാർ കെട്ടിടസമുച്ചയം നിർമിക്കാൻ കണ്ണൂർ സർവകലാശാല അക്രഡിറ്റഡ് ഏജൻസികളില്‍നിന്ന് ടെൻഡർ ക്ഷണിക്കാതെ നേരിട്ട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാർ നല്‍കിയെന്ന് ഓഡിറ്റ് റിപ്പോർട്ട്.
നിർമാണ കാലാവധി കഴിഞ്ഞ് നാലുവർഷമായിട്ടും പണി പൂർത്തിയാക്കിയില്ലെന്നും 2022-23-ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2018-ല്‍ കരാർ നല്‍കുമ്ബോള്‍ 15 മാസം കൊണ്ട് പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. 5.44 കോടി രൂപയുടെ അടങ്കല്‍ത്തുക 2021-ല്‍ 6.04 കോടിയായി പരിഷ്കരിക്കുകയും ചെയ്തു. ഊരാളുങ്കലിന് അഞ്ച് ബില്ലുകളിലായി 4.75 കോടി രൂപ നല്‍കി. എന്നിട്ടും നിർമാണം തുടങ്ങാൻ ബാക്കിയുള്ള ഒന്ന്, രണ്ട്, മൂന്ന് നിലകളുടെയും ടെറസിന്റെയും അടങ്കല്‍പോലും തയ്യാറായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സെമിനാർ കെട്ടിടസമുച്ചയം നിർമിക്കുന്ന സ്ഥലത്തിലൂടെ 2022 ഫെബ്രുവരിയില്‍ കെ-റെയില്‍ പദ്ധതി രൂപരേഖയുടെ ഭാഗമായുള്ള അതിർത്തിക്കല്ല് സ്ഥാപിച്ചിരുന്നു. തുടർന്ന് പണി നിർത്തിവെച്ചു. രൂപരേഖയില്‍ മാറ്റം വരുത്താതെ പണി പുനരാരാംഭിക്കാൻ 2022 ഓഗസ്റ്റിലെ സിൻഡിക്കേറ്റ് യോഗം അനുമതി നല്‍കിയിരുന്നു.
കേന്ദ്രപദ്ധതിയായ റൂസയില്‍നിന്ന് ആദ്യഘട്ടമായി അനുവദിച്ച തുക ഉപയോഗിച്ചുള്ള നിർമാണമാണ് താഴത്തെ നിലയുടേതെന്നും മുറികളില്‍ സജ്ജീകരണങ്ങളൊരുക്കുന്ന പണിയാണ് ബാക്കിയുള്ളതെന്നും സർവകലാശാല അധികൃതർ സൂചിപ്പിക്കുന്നു. രണ്ടാംഘട്ടമായി റൂസ അനുവദിച്ച തുക ഉപയോഗിച്ച് ബാക്കി രണ്ടുനിലകളുടെ പണി വൈകാതെ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR