Enter your Email Address to subscribe to our newsletters
Kerala, 1 ജൂലൈ (H.S.)
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി ബോംബ് സ്ഫോടന പരമ്പരയിലെ സൂത്രധാരന്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആണ് പിടിയിലായത്. ആന്ധ്രാപ്രദേശിലെ ഒളിസങ്കേതത്തില്‍ നിന്നാണ് തമിഴ്നാട് പൊലീസിന്റെ ഭീകരവിരുദ്ധസേന (എടിഎസ്) ഇയാളെ പിടികൂടിയത്. 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കൊപ്പം കൂട്ടാളിയായ തിരുനെല്‍വേലി സ്വദേശി മുഹമ്മദ് അലിയെയും പിടികൂടിയിട്ടുണ്ട്. നിരോധിത സംഘടനയായ തമിഴ്നാട്ടിലെ അല്‍ ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ കേസിലും പ്രതിയാണ് അബൂബക്കര്‍ സിദ്ദിഖ്.
1995 മുതല്‍ ഒളിവില്‍ കഴിയുന്ന അബൂബക്കര്‍ സിദ്ദിഖ് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉണ്ടായ സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ്. 1995-ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണിയുടെ ഓഫീസില്‍ നടന്ന സ്‌ഫോടനം, അതേവര്‍ഷം നാഗപട്ടണത്ത് നടന്ന പാഴ്‌സല്‍ ബോംബ് സ്‌ഫോടനം. 1999-ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ അടക്കം ഏഴ് സ്ഥലങ്ങളില്‍ ഉണ്ടായ സ്‌ഫോടനം. ചെന്നൈ എഗ്മോറില്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഉണ്ടായ സ്‌ഫോടനം. 2011-ല്‍ എല്‍.കെ. അദ്വാനിയുടെ മധുരയിലെ രഥയാത്രക്കിടെ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവം. 2012-ല്‍ വെല്ലൂരില്‍ ഡോ. അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തിയ സ്‌ഫോടനം. 2013-ല്‍ ബെംഗളൂരുവിലെ മല്ലേശ്വരത്ത് ബിജെപി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടനം തുടങ്ങി നിരവധി സ്‌ഫോടനങ്ങളുടെ സൂത്രധാരനായിരുന്നു അബൂബക്കര്‍ സിദ്ദിഖെന്ന് പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S