Enter your Email Address to subscribe to our newsletters
Kerala, 4 ജൂലൈ (H.S.)
കൊച്ചി : വൈസ് ചാൻസിലർക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സർവകലാശാലയിലെ ഭാരതാംബാ വിവാദത്തിൽ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിൻഡിക്കേറ്റ് ചേരുന്നില്ലെങ്കിൽ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. തന്റെ സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
സർവകലാശാല ഹാളിൽ പ്രദർശിപ്പിച്ച മതചിഹ്നമുളള ചിത്രം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. സെക്യൂരിറ്റി ഓഫീസറാണ് ഇക്കാര്യം അറിയിച്ചതെന്നും ചിത്രം കണ്ടപ്പോൾ ഹിന്ദു ദേവതയായിട്ടാണ് സെക്യൂരിറ്റി ഓഫീസർക്ക് തോന്നിയതെന്നായിരുന്നു ഇതിന് ഹർജിക്കാരന്റെ മറുപടി.
ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ചോദിച്ച കോടതി, അത് വെച്ചത് കൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നതെന്നും ചോദിച്ചു. ഇതിന് എബിവിപി- എസ് എഫ് ഐ സംഘർഷമുണ്ടായിരുന്നുവെന്നായിരുന്നു മറുപടി.
---------------
Hindusthan Samachar / Roshith K