കോട്ടയത്ത് രക്ഷാപ്രവര്‍ത്തനം വൈകിച്ചവരാണ് മരണത്തിന്റെ വ്യാപാരികള്‍; ആരോഗ്യ മന്ത്രി രാജിവയ്ക്കണം; പ്രതിപക്ഷ നേതാവ്
Kerala, 5 ജൂലൈ (H.S.) കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ചതില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അവിടെ വന്ന് പ്രസംഗിച്ച രണ്ടു മന്ത്രിമാരാണ് ഉത്തരവാദികളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് കാലത്ത് കേരളത്തിലേക്
vd satheeshan


Kerala, 5 ജൂലൈ (H.S.)

കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ചതില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അവിടെ വന്ന് പ്രസംഗിച്ച രണ്ടു മന്ത്രിമാരാണ് ഉത്തരവാദികളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് കാലത്ത് കേരളത്തിലേക്ക് എത്തിയവര്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെ നല്‍കാന്‍ വി.കെ ശ്രീകണ്ഠന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ശ്രമിച്ചപ്പോള്‍ മരണത്തിന്റെ വ്യാപാരികള്‍ എന്നാണ് ദേശാഭിമാനിയും സി.പി.എമ്മും വിളിച്ചത്. കെട്ടിടം അടച്ചിട്ടതാണെന്നും അതിനുള്ളില്‍ ആരുമില്ലെന്നും മന്ത്രിമാര്‍ പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. പിന്നീട് ചാണ്ടി ഉമ്മന്‍ എം.എല്‍.എ എത്തി ബഹളമുണ്ടാക്കിയപ്പോഴാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരികള്‍. സര്‍ക്കാരിന്റെ വീഴ്ച പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. സര്‍ക്കാരിന്റെ തെറ്റുകളെ വിമര്‍ശിക്കും. ഡോ ഹാരിസിന്റെ വെളിപ്പെടുത്തലിന് ശേഷമോ ആശുപത്രി കെട്ടിടം ഇടിഞ്ഞു വീഴുകയോ ചെയ്തതിനു ശേഷമല്ല പ്രതിപക്ഷം ആരോഗ്യമേഖലയെ വിമര്‍ശിക്കാന്‍ തുടങ്ങിയത്. കോവിഡ് കാലത്ത് തുടങ്ങിയതാണ് വേഷം കെട്ടല്‍. കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി കാലാവധി കഴിഞ്ഞ മരുന്നുകള്‍ വരെ വിതരണം ചെയ്ത കൊള്ളക്കാരാണിവര്‍. 27000 കോവിഡ് മരണങ്ങള്‍ മറച്ചുവച്ച സര്‍ക്കാരാണിത്. എന്നിട്ടാണ് ലോകത്ത് ഏറ്റവും നല്ലരീതിയില്‍ കോവിഡ് കൈകാര്യം ചെയ്ത സംസ്ഥാനമാണെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പി.ആര്‍ പ്രൊപ്പഗന്‍ഡ ഇറക്കിയത്. അതു തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

എല്ലാ പുറത്തു വരുന്നതിന്റെ അസഹിഷ്ണുത മന്ത്രിക്ക് സഹിക്കാനാകുന്നില്ല. ഇതെല്ലാം നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട്ടെയും തൃശൂരിലെയും മെഡിക്കല്‍ കോളജുകളുടെ സ്ഥിതി പരിതാപകരമാണ്. കത്രികയും നൂലും പഞ്ഞിയുമായി ആശുപത്രിയില്‍ പോകേണ്ട അവസ്ഥയാണ്. കോടക്കണക്കിന് രൂപയാണ് മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് നല്‍കാനുള്ളത്. അതേക്കുറിച്ചൊന്നും മന്ത്രി ഒന്നും പറയാത്തത് എന്തുകൊണ്ടാണ്. എന്നിട്ടാണ് പത്ത് വര്‍ഷത്തിന് മുന്നേയുള്ള കഥ പറയുന്നത്. മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നു പറയുന്ന എം.വി ഗോവിന്ദന്‍ പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി കുറ്റവാളിയായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. എന്നിട്ടാണ് അതിനെയെല്ലാം ന്യായീകരിക്കുന്നത്. മന്ത്രി നിരന്തരമായി തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇടത് സഹയാത്രികരായ ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും വരെ സത്യം പറയും. എന്നിട്ടും മന്ത്രിയെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതുണ്ടാകുന്നതു വരെ പ്രതിഷേധം തുടരുമെന്നും സതീശന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News