Enter your Email Address to subscribe to our newsletters
Kerala, 5 ജൂലൈ (H.S.)
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്റെ താരലേലം ഇന്ന്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികള്‍ സ്റ്റാര്‍ ത്രീ ചാനലിലൂടെയും ഫാന്‍കോഡ് ആപ്പിലൂടെയും തല്‌സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മുതിര്‍ന്ന ഐപിഎല്‍ - രഞ്ജി താരങ്ങള്‍ മുതല്‍, കൗമാര പ്രതിഭകള്‍ വരെ ഉള്‍പ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം. ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണ്‍ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം സീസന്റെ പ്രധാന പ്രത്യേകത. ഐപിഎല്‍ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശര്‍മ്മയാണ് ലേല നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംവിധായകനും ട്രിവാണ്‍ഡ്രം റോയല്‍സ് ടീമിന്റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്‌സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകുന്നേരം 6 മണിക്കാണ് ലേലനടപടികള്‍ അവസാനിക്കുന്നത്.
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങള്‍ക്കായാണ് ശനിയാഴ്ചത്തെ ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎല്‍ എന്നിവയില്‍ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ കളിച്ച ബി കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഒന്നര ലക്ഷവും ജില്ലാ, സോണല്‍, കെസിഎ ടൂര്‍ണ്ണമെന്റുകളില്‍ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങള്‍ക്ക് 75000വുമാണ് അടിസ്ഥാന തുക.
ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമില്‍ കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉള്‍പ്പെടുത്താം. റിട്ടെന്‍ഷനിലൂടെ താരങ്ങളെ നിലനിര്‍ത്തിയ ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക.
---------------
Hindusthan Samachar / Sreejith S