കാര്യവട്ടം ഗ്രീൻഫീൽഡിൽ പ്രകാശവിസ്മയം; പുതിയ ഫ്ലഡ്‌ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
Kerala, 15 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ധ്യയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വർണ്ണവിസ്മയത്തിലാറാടി. പുതുതായി സ്ഥാപിച്ച അത്യാധുനിക എൽഇഡി ഫ്ലഡ്‌ലൈറ്റുകൾക്ക് തിരി തെളിഞ്ഞപ്പോൾ, സ്റ്റേഡിയവും പരിസരവും അക്ഷരാർത്ഥത്തിൽ പ്രകാശപൂരത്തി
green field stadium trivandrum


Kerala, 15 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ധ്യയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വർണ്ണവിസ്മയത്തിലാറാടി. പുതുതായി സ്ഥാപിച്ച അത്യാധുനിക എൽഇഡി ഫ്ലഡ്‌ലൈറ്റുകൾക്ക് തിരി തെളിഞ്ഞപ്പോൾ, സ്റ്റേഡിയവും പരിസരവും അക്ഷരാർത്ഥത്തിൽ പ്രകാശപൂരത്തിൽ മുങ്ങി. ലേസർ ഷോയുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ നടന്ന ഉദ്ഘാടന ചടങ്ങ്, തലസ്ഥാനത്തിന് മറക്കാനാവാത്ത ദൃശ്യാനുഭവമായി മാറി.

​ ചടങ്ങിൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കിയതോടെ സ്റ്റേഡിയം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന നിലയിലേക്ക് ഉയർന്നുവെന്ന് എം.എൽ.എ പറഞ്ഞു.

ഇതോടെ, നാല് കൂറ്റൻ ടവറുകളിൽ നിന്നും 392 എൽഇഡി ലൈറ്റുകൾ ഒരുമിച്ച് കത്തിയപ്പോൾ രാത്രിയെ പകലാക്കുന്ന വെള്ളിവെളിച്ചം സ്റ്റേഡിയത്തിൽ നിറഞ്ഞു. തൊട്ടുപിന്നാലെയാണ് ഏവരെയും ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ലേസർ ഷോ അരങ്ങേറിയത്. സംഗീതത്തിന്റെ താളത്തിനൊത്ത് വർണ്ണങ്ങൾ വാരിവിതറിയ ലൈറ്റുകളും ആകാശത്ത് വർണ്ണചിത്രങ്ങൾ വരച്ച ലേസർ രശ്മികളും കാണികൾക്ക് പുത്തൻ അനുഭവമായി.

​പുതിയ ഡിഎംഎക്സ് കൺട്രോൾ സിസ്റ്റത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തിയ പ്രകടനമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നത്. പ്രകാശതീവ്രത നിയന്ത്രിച്ചും, സ്ട്രോബ് പോലുള്ള സ്പെഷ്യൽ ഇഫക്ടുകൾ നൽകിയും, സംഗീതത്തിനനുസരിച്ച് ലൈറ്റുകളെ ചലിപ്പിച്ചും സംഘാടകർ കാണികളെ അമ്പരപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇത്തരം സംവിധാനങ്ങളോടെ, രാജ്യത്തെ മികച്ച സ്റ്റേഡിയങ്ങളുടെ നിരയിലേക്ക് ഗ്രീൻഫീൽഡ് നിലയുറപ്പിച്ചു.

​കേരള ക്രിക്കറ്റ് അസോസിയേഷൻ 18 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News