Enter your Email Address to subscribe to our newsletters
Kerala, 18 ഓഗസ്റ്റ് (H.S.)
കുടുംബ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആശകള്‍ ആയിരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് പതിനെട്ട് (ചിങ്ങം രണ്ട്) തിങ്കളാഴ്ച്ച കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാര്‍ക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന്‍ സലാം ബാപ്പു സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് ആരംഭിച്ചു.
സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നല്‍കി. ജയറാം , മകള്‍ മാളവികയും, ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വന്‍ പ്രദര്‍ശനവിജയം നേടിയ ഒരു വടക്കന്‍ സെല്‍ഫി , സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഇവിടെ മേല്‍പ്പറഞ്ഞതുപോലെ തന്നെ അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു കുടംബ ജീവിതത്തിന്റെ നിമിഷങ്ങളാണ് പ്രജിത്ത് ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രത്തില്‍കാട്ടിത്തരുന്നത്.
ജയറാമും, മകന്‍ കാളിദാസ് ജയറാമുമാണ് ഈ കുടുംബ ചിത്രത്തിലെ അച്ഛനും മകനുമായി എത്തുന്നത്. ഇഷാനി കൃഷ്ണകുമാറാണ്
നായിക. സായ് കുമാര്‍, അജു വര്‍ഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്,, കൃഷ്ണശങ്കര്‍, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കര്‍ ഇന്ദുചൂഡന്‍, ഇഷാന്‍ ജിംഷാദ്, നിഹാരിക, നന്ദന്‍ ഉണ്ണി, സൈലക്‌സ് ഏബ്രഹാം, ശ്യാംലാല്‍ ,ഗോപന്‍ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
---------------
Hindusthan Samachar / Sreejith S