Enter your Email Address to subscribe to our newsletters
Kerala, 19 ഓഗസ്റ്റ് (H.S.)
ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. താരധാരാളിത്തത്തിന്റെ തലവേദനയിലാണ് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി. 15 അംഗ ടീമില്‍ സ്ഥാനംനേടാന്‍ ഇരട്ടിയോളം കളിക്കാരുടെ പേര് അന്തരീക്ഷത്തിലുണ്ട്. ഓപ്പണിങ്ങില്‍ ഉള്‍പ്പെടെ ഓരോ സ്ഥാനത്തേക്കും ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്. മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിക്കൊപ്പം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ 28 വരെ യുഎഇയിലാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍.
ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിനെ ട്വന്റി 20-യിലും സ്ഥിരമായി കളിപ്പിക്കണമെന്ന താത്പര്യം അഗാര്‍ക്കര്‍ക്കും ഗംഭീറിനുമുണ്ട്. മികച്ച വിജയറെക്കോഡുള്ള ഇപ്പോഴത്തെ ടീമിനെ പൊളിക്കരുതെന്ന വാദവും ശക്തമായുണ്ട്. ഇതിനൊപ്പം യശസ്വി ജയ്സ്വാളും ഓപ്പണിങ്സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. അഭിഷേക് ശര്‍മയും സഞ്ജു സാംസണുമാണ് നിലവില്‍ ട്വന്റി 20 ടീമിലെ ഓപ്പണര്‍മാര്‍. അവസാനം കളിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചുകളികളില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 279 റണ്‍സടിച്ച അഭിഷേക് ശര്‍മയെ ഒഴിവാക്കാന്‍ ഒരുതരത്തിലും കഴിയില്ല.
ഗില്‍, ജയ്സ്വള്‍ എന്നിവരിലൊരാളെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന്റെ സ്ഥാനം അപകടത്തിലാകും. എന്നാല്‍, വിക്കറ്റ് കീപ്പറായി സഞ്ജുവിനുതന്നെയാണ് മുന്‍ഗണന. മൂന്നാം നമ്പറില്‍ വെടിക്കെട്ട് ബാറ്റര്‍ തിലക് വര്‍മ, നാലാംനമ്പറില്‍ സൂര്യകുമാര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരങ്ങളില്‍ ഇറങ്ങിയത്. പേസ് ബൗളര്‍ ജസ്പ്രീത് ബുംറ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇകംകൈയന്‍ അര്‍ഷ്ദീപ് സിങ്ങും സ്ഥാനം ഉറപ്പിക്കുമ്പോള്‍ ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരും പരിഗണനയിലുണ്ട്. പേസ് ഓള്‍റൗണ്ടര്‍ ശിവം ദുബെയും റിസര്‍വ് ലിസ്റ്റിലുണ്ട്. സ്പിന്‍ വിഭാഗത്തില്‍ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും സ്ഥാനത്തിനായി മത്സരിക്കുന്നു.
---------------
Hindusthan Samachar / Sreejith S