Enter your Email Address to subscribe to our newsletters
Kerala, 20 ഓഗസ്റ്റ് (H.S.)
ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണ വിക്ഷേപണം നടന്നത്. മിസൈലിന്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ കഴിവുകളും വിക്ഷേപണത്തില്‍ സ്ഥിരീകരിച്ചു. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ കീഴിലായിരുന്നു പരീക്ഷണ വിക്ഷേപണം.
പതിവ് യൂസര്‍ ട്രയലുകളുടെ ഭാഗമായിരുന്നു ഈ പരീക്ഷണമെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച അഗ്‌നി-5, അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീര്‍ഘദൂര മിസൈലുകളിലൊന്നാണ്. ആധുനിക നാവിഗേഷന്‍, ഗൈഡന്‍സ്, പോര്‍മുന, പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകള്‍ അടങ്ങിയ ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.
ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ഭേദിക്കാന്‍ ശേഷിയുള്ള (എംഐആര്‍വി) ഭൂതല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത് (ഐസിബിഎം). ഒരേസമയം മൂന്ന് ആണവ പോര്‍മുനകള്‍വരെ വഹിക്കാനും പ്രയോഗിക്കാനും അഗ്‌നി-5ന് കഴിയും. 2024 മാര്‍ച്ച് 11-ന് തമിഴ്നാട്ടിലെ കല്‍പ്പാക്കത്തുനിന്ന് ഇതിന്റെ ആദ്യത്തെ എംഐആര്‍വി പരീക്ഷണം നടത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S