Enter your Email Address to subscribe to our newsletters
Kerala, 16 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം: സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ആരും അവഗണിക്കരുത്. ജീവിതത്തിന്റെ മുന്‍ഗണനയില്‍ ആരോഗ്യവും ഉള്‍പ്പെടണം. 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നു. സ്ത്രീ ക്ലിനിക്കിലൂടെ രോഗപ്രതിരോധത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസുമാണ് ലക്ഷ്യമിടുന്നത്. കാന്‍സര്‍ സ്‌ക്രീനിംഗിലും പരിശീലനം സിദ്ധിച്ചവരാണ് ഇവിടെയുള്ളത്. 5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യമുണ്ട്. സ്ത്രീസംബന്ധമായ പ്രശ്‌നങ്ങളും ഇവിടെ പരിഹരിക്കുന്നാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ദ്രം മിഷനിലൂടെ 10 കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. രോഗ പ്രതിരോധവും രോഗ നിര്‍മ്മാര്‍ജനവും അതില്‍ പ്രധാനമാണ്. സ്ത്രീകള്‍ അവരവരുടെ ആരോഗ്യത്തിന് എത്ര പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഓര്‍ക്കണം. കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഭയമാണ്. ലക്ഷണം കാണുന്നെങ്കിലും അവഗണിക്കും. ഭയം കാരണം പലരും പരിശോധിക്കുന്നില്ല. രാജ്യത്ത് ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനം കേരളമാണ്. എത്രനാള്‍ ജീവിച്ചാലും ഗുണനിലവാരമുള്ള ജീവിതം നയിക്കണമെങ്കില്‍ ആരോഗ്യം ഉറപ്പാക്കണം.
വിളര്‍ച്ച പരിഹരിക്കുന്നതിന് വിവ കേരളം പദ്ധതി നടപ്പിലാക്കി. രോഗ പ്രതിരോധം വളരെ പ്രധാനമാണ്. 30 വയസിന് മുഴുവന്‍ ആളുകളിലും ജീവിതശൈലീ സ്‌ക്രീനിംഗ് നടത്തണം. കാന്‍സര്‍ സ്‌ക്രീനിംഗിന്റെ ഭാഗമായി 18.5 ലക്ഷത്തോളം പേരെ സ്‌ക്രീന്‍ ചെയ്തു. അതില്‍ 235 പേര്‍ക്ക് സ്തനാര്‍ബുദവും 71 പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറും 35 പേര്‍ക്ക് വായിലെ കാന്‍സറും കണ്ടെത്തി. കാന്‍സര്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാം. പ്രാരംഭ ഘട്ടത്തിലാണെങ്കില്‍ വളരെ കുറഞ്ഞ ചെലവില്‍ ചികിത്സിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S