Enter your Email Address to subscribe to our newsletters
Kerala, 16 സെപ്റ്റംബര്‍ (H.S.)
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെകേസെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി കേരളാ പോലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. ഇക്കാര്യം പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെ പൊലീസ് അറിയിച്ചിട്ടുണ്ട് . പോലീസ് വെളിപ്പെടുത്തലിനെ തുടർന്ന് ഈ വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു.
സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വോട്ട് ചേര്‍ത്തതില്‍ ക്രമക്കേടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും പരിഗണിച്ചത്. സുരേഷ്‌ഗോപി തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിലടക്കം പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ടിഎന്‍ പ്രതാപന്റെ പരാതി. ഈ പരാതിയിലാണ് അന്വേഷണം നടന്നത്. ഇതില്‍ സുരേഷ്‌ഗോപിയുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ചേര്‍ത്തത് ചട്ടവിരുദ്ധമായല്ല എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
കേന്ദ്രത്തിൽ രാഹുൽ, ഗാന്ധി മുന്നോട്ട് വച്ച വോട്ട് ചോരി ആരോപണത്തെ തുടർന്നാണ് കേരളത്തിലും വോട്ട് മോഷണം നടന്നെന്ന പരാമർശങ്ങൾ ശക്തമായത്. മറ്റു പാർട്ടികൾക്കെതിരെയും ആരോപണങ്ങൾ വന്നെങ്കിലും ബി ജെ പി ക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായിട്ടാണ് പ്രതിപക്ഷം ഇതിനെ ഉപയോഗിക്കാൻ ശ്രമിച്ചത്.
---------------
Hindusthan Samachar / Roshith K