Enter your Email Address to subscribe to our newsletters
Kerala, 16 സെപ്റ്റംബര്‍ (H.S.)
യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, സിനിമാ താരം സോനു സൂദ് എന്നിവര്‍ക്ക് ഇഡി നോട്ടീസ്. അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. റോബിന്‍ ഉത്തപ്പ സെപ്റ്റംബര്‍ 22നും യുവരാജ് സിങ് 23നും സോനു സൂദ് 24നും ഹാജരാകണമെന്നാണ് നിര്‍ദേശം. നേരത്തേ വാതുവയ്പ് ആപ്പുകളുമായി ബന്ധപ്പെട്ട്, ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനെയും സുരേഷ് റെയ്‌നയെയും ഇ.ഡി ചോദ്യംചെയ്തിരുന്നു. ശിഖര്‍ ധവാനെ എട്ടു മണിക്കൂറോളമാണു ചോദ്യംചെയ്തത്.
തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി, ബോളിവുഡ് നടി ഉര്‍വശി റൗട്ടേല, ബംഗാളി നടി അങ്കുഷ് ഹസ്ര എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇ.ഡി നോട്ടിസ് നല്‍കിയിട്ടുണ്ട്. 1xബെറ്റ് എന്ന വാതുവയ്പ് ആപ്പിന്റെ ഇന്ത്യന്‍ അംബാസഡറായിരുന്നു ഉര്‍വശി റൗട്ടേല. നിരവധിപ്പേര്‍ക്ക് ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടതു മുതല്‍ കോടികളുടെ നികുതി വെട്ടിപ്പു വരെ അനധികൃത ബെറ്റിങ് ആപ്പുകള്‍ക്കെതിരെ ഇ.ഡി ആരോപിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ലംഘിച്ചുള്ള ഇടപാടുകള്‍ നടന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
---------------
Hindusthan Samachar / Sreejith S