ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമി ഉടമകള്‍ക്ക് തന്നെ തിരിച്ചുകൊടുക്കും! നിയമഭേദഗതിക്ക് കേന്ദ്രം
Newdelhi, 10 ജനുവരി (H.S.) റോഡ് പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും ദീര്‍ഘകാലമായി നടക്കുന്ന നിര്‍വ്വഹണ കാലതാമസം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 1956 ലെ ദേശീയപാത നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
Highway


Newdelhi, 10 ജനുവരി (H.S.)

റോഡ് പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും ദീര്‍ഘകാലമായി നടക്കുന്ന നിര്‍വ്വഹണ കാലതാമസം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 1956 ലെ ദേശീയപാത നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഈയൊരു തീരുമാനത്തെ സംബന്ധിച്ച വാർത്ത മാധ്യമങ്ങൾ നേരത്തെ പുറത്തു വിട്ടിരുന്നു. രാജ്യത്തുടനീളമുള്ള ഹൈവേ, അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായി വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റോഡ് നിര്‍മ്മാണത്തിലെ ഏറ്റവും വലിയ തടസങ്ങളിലൊന്നായി ഉയര്‍ന്ന് വന്നിട്ടുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചട്ടക്കൂടിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കലായിരിക്കും ഭേദഗതികളുടെ പ്രധാന ശ്രദ്ധാകേന്ദ്രം.ഭൂമി ഏറ്റെടുക്കലിലെ കാലതാമസം, നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍, നീണ്ടുനില്‍ക്കുന്ന വ്യവഹാരങ്ങള്‍ എന്നിവ നിരവധി ഹൈവേ പദ്ധതികളെ സ്തംഭിപ്പിച്ചു.

ഇത് ചെലവ് വര്‍ധിപ്പിക്കുകയും സമയ പരിധി നീട്ടുകയും ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ ലളിതമാക്കാനും തര്‍ക്കങ്ങള്‍ കുറയ്ക്കാനും നടപടിക്രമങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും നിര്‍ദ്ദിഷ്ട നിയമം ശ്രമിക്കുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.

ഹൈവേ പദ്ധതികള്‍ക്കായി ഏറ്റെടുത്തതും എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി യഥാര്‍ത്ഥ ഭൂവുടമകള്‍ക്ക് തിരികെ നല്‍കുക എന്നതാണ് പരിഗണനയിലുള്ള പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. നഷ്ടപരിഹാരം വെല്ലുവിളിക്കുന്നതിനുള്ള നിര്‍വചിക്കപ്പെട്ട സമയ പരിധികള്‍ കരട് ഭേദഗതികളില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നീണ്ടുനില്‍ക്കുന്ന നിയമ പോരാട്ടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു നടപടിയാണ്.

മൊത്തത്തില്‍, മുടങ്ങി കിടക്കുന്ന പദ്ധതികള്‍ അണ്‍ലോക്ക് ചെയ്യുന്നതിനും നിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ പൈപ്പ്ലൈന്‍ ത്വരിതപ്പെടുത്തുന്നതിനുമുള്ള നിര്‍ണായക പരിഷ്‌കാരമായിട്ടാണ് ഈ മാറ്റങ്ങളെ കാണുന്നത്. വിശാലമായ വളര്‍ച്ചാ തന്ത്രത്തിന്റെയും മൂലധന ചെലവ് നീക്കത്തിന്റെയും കേന്ദ്രബിന്ദുവായി റോഡ് വികസനം തുടരുന്നു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 28 ന് ആരംഭിക്കും. ആദ്യ ഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും, തുടര്‍ന്ന് ഒരു ഇടവേള ഉണ്ടാകും. പാര്‍ലമെന്റ് മാര്‍ച്ച്‌ 9 ന് വീണ്ടും സമ്മേളിക്കും, രണ്ടാം ഘട്ടം ഏപ്രില്‍ 2 ന് അവസാനിക്കും. ഈ സമ്മേളന കാലയളവില്‍ എപ്പോഴെങ്കിലും നിയമ ഭേദഗതി അവതരിപ്പിച്ചേക്കും എന്നാണ് വിവരം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News