സിനിമ വിവാദത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്‍; നിരവധിപേരുടെ അധ്വാനം എന്ന് ഓര്‍മ്മപ്പെടുത്തല്‍
Chennai, 10 ജനുവരി (H.S.) ''ജനനായകന്‍'' റിലീസ് വൈകുകയും ''പരാശക്തി''ക്ക് സെന്‍സര്‍ ബോര്‍ഡ് ഒട്ടേറെ കട്ടുകള്‍ നിര്‍ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സെന്‍സര്‍ നടപടികളില്‍ മാറ്റത്തിന് വേണ്ടി ശബ്ദമുയര്‍ത്തി നടനും രാജ്യസഭാ എംപിയുമായ കമല്‍ഹാസന്
Kamal


Chennai, 10 ജനുവരി (H.S.)

'ജനനായകന്‍' റിലീസ് വൈകുകയും 'പരാശക്തി'ക്ക് സെന്‍സര്‍ ബോര്‍ഡ് ഒട്ടേറെ കട്ടുകള്‍ നിര്‍ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സെന്‍സര്‍ നടപടികളില്‍ മാറ്റത്തിന് വേണ്ടി ശബ്ദമുയര്‍ത്തി നടനും രാജ്യസഭാ എംപിയുമായ കമല്‍ഹാസന്‍. സെന്‍സര്‍ നടപടികളില്‍ തത്വാധിഷ്ഠിതമായ പുനര്‍വിചിന്തനം വേണമെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് അനുമതിക്ക് സമയപരിധിയും സുതാര്യമായ വിലയിരുത്തലും ലിഖിതമായ വിശദീകരണവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമ കേവലം ഒരു വ്യക്തിയുടെ അധ്വാനത്തിന്റെ ഫലമല്ല. തമിഴ്നാട്ടിലെയും രാജ്യത്തേയും സിനിമാ പ്രേമികള്‍ സുതാര്യതയും ബഹുമാനവും അര്‍ഹിക്കുന്നു. ചലച്ചിത്രമേഖല ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരമാണിത്. മാറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരുമായി ക്രിയാത്മക ചര്‍ച്ചകള്‍ക്ക് തുടക്കമിടണമെന്നും കമല്‍ഹാസന്‍ ആഹ്വാനംചെയ്തു.

കമല്‍ഹാസന്റെ കുറിപ്പ്

കലയ്ക്കും കലാകാരന്മാര്‍ക്കും ഭരണഘടനയ്ക്കുംവേണ്ടി

ഇന്ത്യന്‍ ഭരണഘടന ആവിഷ്‌കാരസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. ഈ നിമിഷം ഏതെങ്കിലും ചിത്രത്തിലുപരിയായി ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യത്തില്‍ കലയ്ക്കും കലാകാരന്മാര്‍ക്കും നാം നല്‍ക്കുന്ന ഇടത്തെ പ്രതിഫലിപ്പിക്കുന്നു.

സിനിമ കേവലം ഒരു വ്യക്തിയുടെ അധ്വാനത്തിന്റെ ഫലമല്ല, മറിച്ച് എഴുത്തുകാരും സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും തിയേറ്ററുകളും ചെറുകിട സംരംഭകരും അടങ്ങുന്ന വ്യവസ്ഥിതിയുടെ കൂട്ടായ പരിശ്രമമാണ്. അവരുടെ ഉപജീവനമാര്‍ഗം ന്യായവും സമയബന്ധിതവുമായ നടപടിക്രമങ്ങളെ ആശ്രയിച്ചിരിക്കുന്നു.

വ്യക്തതയുടെ അഭാവം സര്‍ഗാത്മഗതയെ തളര്‍ത്തുകയും, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും, പൊതുജന വിശ്വാസം ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. തമിഴ്നാട്ടിലെയും ഇന്ത്യയിലെയും സിനിമാ പ്രേമികള്‍ കലയോട് അഭിനിവേശവും വിവേചനവും പക്വതയും പുലര്‍ത്തുന്നു, അവര്‍ സുതാര്യതയും ബഹുമാനവും അര്‍ഹിക്കുന്നു.

സെന്‍സര്‍ നടപടികളില്‍ തത്വാധിഷ്ഠിതമായ പുനര്‍വിചിന്തനമാണ് ഇപ്പോള്‍ ആവശ്യം. ഇതിനായി നിശ്ചിതസമയപരിധിയും സുതാര്യമായ വിലയിരുത്തലും ഓരോ കട്ടിനും എഡിറ്റനും ലിഖിതമായ വിശദീകരണവും ആവശ്യമാണ്.

ചലച്ചിത്ര മേഖല ഒറ്റക്കെട്ടായിനിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അര്‍ഥവത്തും ക്രിയാത്മകവുമായ സംവാദങ്ങളില്‍ ഏര്‍പ്പെടേണ്ട സമയമാണിത്. അത്തരം പരിഷ്‌കരണം സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം സംരക്ഷിക്കുകയും, ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും, കലാകാരന്മാരിലും ജനങ്ങളിലും വിശ്വാസം ഊട്ടിയുറപ്പിക്കുക വഴി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും.

---------------

Hindusthan Samachar / Sreejith S


Latest News