Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലായിരുന്നു തന്ത്രിയെ ഇന്നലെ എത്തിച്ചത്. ഇന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി ജയില്‍ അധികൃതരെ അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ പരിശോധന നടത്തി. പിന്നാലെ തിരുവനന്തപുരം ജനരല്‍ ആശുപത്രിയിലേക്ക് മാറ്റി.
ജയില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച തന്ത്രിയെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയാണ്. തന്ത്രിയെ എത്തിക്കുന്നതിന്റെ ഭാഗമായി വലിയ സുരക്ഷയാണ് ജനറല്‍ ആശുത്രിയില്‍ ഒരുക്കിയിരിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മാത്രമേ ആരോഗ്യ സ്ഥിയുടെ വിവരങ്ങള്‍ അറിയാനന്‍ കഴിയുകയുള്ളൂ.
ഇന്നലെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍. വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിര്‍മാണത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവയാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേയാണിത്.
ദ്വാരപാലക ശില്‍പ കേസിലും തന്ത്രിയെ പ്രതി ചേര്‍ക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തന്ത്രി ദേവസ്വം മാനുവല്‍ ലംഘനത്തിനു കൂട്ടു നിന്നു, സ്വര്‍ണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വര്‍ണം പൂശിയതില്‍ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങള്‍ എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണക്കൊള്ളയില്‍ തനിക്ക് ബന്ധമൊന്നുമില്ലെന്ന മറുപടി മാത്രമാണ് തന്ത്രി നല്‍കിയത്. അന്ന് ചില വിവരങ്ങള്‍ അറിയാനെന്ന തരത്തില്‍ അന്വേഷണസംഘം വിളിച്ചു വരുത്തുകയായിരുന്നു. ഒരു ചോദ്യംചെയ്യലിന്റെ പ്രതീതി ഉണ്ടാക്കാതെ ആയിരുന്നു ഇടപെടല്‍. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷമുണ്ടായ അതേ ആത്മവിശ്വാസത്തോടെയാണ് വെള്ളിയാഴ്ചയും തന്ത്രി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്. സഹായി നാരായണന്‍ നമ്പൂതിരിക്കൊപ്പമാണ് എത്തിയത്. കാര്യങ്ങള്‍ ഏകദേശം ഉറപ്പിച്ച ശേഷമാണ് അന്വേഷണസംഘം അദ്ദേഹത്തെ വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉള്‍പ്പെടെയുള്ളവരുടെ ചോദ്യംചെയ്യലിനുശേഷം ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
---------------
Hindusthan Samachar / Sreejith S