Enter your Email Address to subscribe to our newsletters

Kochi, 11 ജനുവരി (H.S.)
മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന എപ്പിക് ഫാന്റസി ചിത്രം 'ആട് 3' ചിത്രീകരണം പൂർത്തിയായി. ഒൻപതുമാസം വ്യത്യസ്ത ഷെഡ്യൂളുകളിലായി 127 ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമാണം.
'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് 'ആട് 3' എത്തുന്നത്. ഫാന്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. 50 കോടി രൂപയോളം മുതൽമുടക്കിലാണ് ചിത്രം എത്തുന്നതെന്നാണ് നിർമാതാവ് വിജയ് ബാബു പറഞ്ഞത്. പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്കു സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് സിനിമാലോകം. ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുൻകഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെന്നത്. അത് പരമാവധി രൂപപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകനായ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ, ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ വ്യത്യസ്തമായ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമജൻ ബൊൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സൃന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR